ന്യൂഡൽഹി:  ഇത്തവണത്തെ ബജറ്റ് അവതരണം അൽപം വ്യത്യസ്തമാണ്. കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകൾക്ക് പകരം ടാബിൽ നോക്കിയാണ് നിർമല ബജറ്റ് അവതരിപ്പിക്കുക. പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്. ഇന്ത്യന്‍ നിര്‍മിത ടാബിലാണ് ബജറ്റ് അവതരണം. ചുവന്ന പട്ടിൽ പൊതിഞ്ഞ ഇന്ത്യൻ നിർമിത ടാബുമായാണ് നിർമല പാർലമെന്റിൽ എത്തുന്നത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായിട്ടായിരിക്കും.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസ് രഹിതമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണയും ബജറ്റ് രേഖകൾ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് നിർമല പാർലമെന്റിൽ എത്തിയത്. ചുവന്ന പട്ടിൽ ദേശീയചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോൾ ബ്രീഫ്കേസിലാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്നത്.

കേന്ദ്ര ബജറ്റ് 2021, വാർത്തകൾ തത്സമയം

രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിർമല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കർഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്‌ക്കു നടുവിലാണ് ബജറ്റ് അവതരണം. നിർമല സീതാരാമൻ കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ്. 2020 ൽ രണ്ടു മണിക്കൂര്‍, 40 മിനിറ്റ് പിന്നിട്ട്, തന്റെ തന്നെ റെക്കോർഡായ 2019ലെ 2 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള ബജറ്റ് പ്രസംഗത്തെ പിന്നിലാക്കുകയായിരുന്നു അവർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook