ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങില്ലെന്നും സ്ഥാനമാനങ്ങളൊന്നും ആവശ്യമില്ലെന്നും കാണിച്ച് ശശികല ജയലളിതക്ക് കൊടുത്ത കത്ത് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം പുറത്തുവിട്ടു. 2011ല്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. ഇതിന് ശേഷം തിരിച്ചെത്താനായി ശശികല ജയലളിതക്കെഴുതിയ മാപ്പപേക്ഷയാണ് പനീര്‍സെല്‍വം പുറത്തുവിട്ടിരിക്കുന്നത്.
ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് തനിക്ക് താത്പര്യമില്ല. പാര്‍ട്ടിയില്‍ എന്തെങ്കിലും പദവിയും താന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ മന്ത്രി ആവണമെന്നോ ഉള്ള ആഗ്രഹം തനിക്ക് ഇല്ലെന്നുമാണ് മാപ്പപേക്ഷയില്‍ ശശികല പറയുന്നതെന്ന് പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.
എന്റെ ജീവിതം ഞാന്‍ അക്കയ്ക്ക്(ജയലളിത) സമര്‍പ്പിച്ചിരിക്കുകയാണ്. അക്കയുടെ നല്ലൊരു സഹോദരിയായി തനിക്ക് കഴിയണം. ഈ ജീവിതം ജയലളിതയ്ക്ക് വേണ്ടിയാണ് താന്‍ ജീവിക്കുക എന്നും കത്തില്‍ ശശികല എഴുതിയതായി നീര്‍സെല്‍വം പറഞ്ഞു.
അതിനിടെ മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഇ മധുസൂദനന്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മധുസൂദനന്‍ പിന്തുണയറിയിച്ചത്. ചെന്നൈയിലെത്തിയ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്ക് പനീര്‍സെല്‍വം തിരിച്ചിട്ടുണ്ട്.