ചെന്നൈ: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ‘അമ്മ’ സ്മാരകമാക്കാനുള്ള ഉത്തരവ് കാവല്‍ മുഖ്യമന്ത്രി ഒ. പനീർശെല്‍വം പുറപ്പെടുവിച്ചു.

പോയസ് ഗാർഡനിലെ ജയയുടെ ‘വേദനിലയം’ എന്ന വസതി സംരക്ഷിത സ്മാരകമാക്കാനാണ് പന്നീർശെൽവത്തിന്റെ ഉത്തരവ്. കഴിഞ്ഞ 25 വർഷമായി തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്നു ജയലളിതയുടെ പോയസ് ഗാർഡനിലെ 81ആം നമ്പര്‍ വസതിയായ വേദനിലയം. ജയയോടൊപ്പം തോഴി ശശികലയും ഇവിടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ജയയുടെ മരണത്തിന് ശേഷം ശശികല പോയസ് ഗാർഡനിലെ വസതിയിലാണ് താമസത്തിന് ഉപയോഗിക്കുന്നത്.

ഇന്ന് തന്നെ തമിഴ്നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും നീക്കം ചെയ്യാന്‍ പനീർശെല്‍വം ആലോചിക്കുന്നതായാണ് സൂചന. എന്നാല്‍ ശശികല ഉച്ചയോടെ തന്നെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണുമെന്നാണ് അറിയുന്നത്.

പിന്തുണ അറിയിച്ച 131 എംഎല്‍എമാരുടെ അകമ്പടിയോടെ ആയിരിക്കും ശശികല ഗവര്‍ണറെ കാണുക. അട്ടിമറി ഒഴിവാക്കാനായി എംഎല്‍എമാരെ മൂന്ന് ബസുകളിലായി കൊണ്ടുപോയ ശശികല പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഫാം ഹൗസിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook