ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. മൂന്ന് ദിവസത്തിനിടെ 61 കുട്ടികള്‍ മരിച്ചു. 11 പേര്‍ മരിച്ചത് ജപ്പാന്‍ ജ്വരം മൂലമാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ 25 കുട്ടികളാണ് മരിച്ചത്. ബാക്കിയുള്ളവരുടെ മരണം മറ്റ് കാരണങ്ങള്‍ കൊണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ആഗസ്റ്റ് 27, 28, 29 തീയതികളിൽ 61 പേരാണ് ആശുപത്രിയിൽ മരിച്ചത്. നവജാതശിശു സംരക്ഷണ യൂണിറ്റിൽ 25 പേരും ജനറൽ പീഡിയാട്രിക് വാർഡിൽ 25 പേരും എൻസെഫലിറ്റിസ് വാർഡിൽ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടർമാർ അറിയിച്ചു. ആഗസ്ത് ഒന്നു മുതൽ 28 വരെ 290 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതേ ആശുപത്രിയിൽ ഈ മാസം തുടക്കത്തിൽ എഴുപതിലധികം കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർദ്ധിപ്പിച്ചു. എന്നാൽ രോഗികളുടെ ബാഹുല്യം കാരണം ഒരു കിടക്കയിൽ വൈറസ് ബാധിതരായ മൂന്നും നാലും കുട്ടികളെ കിടത്തിയാണ് ഇപ്പോഴും ചികിത്സിക്കുന്നത്. മസ്തിഷ്കജ്വരം ചികിത്സിക്കുന്നതിൽ പ്രശസ്തമായ ഈ മെഡിക്കൽ കോളേജിനെ കിഴക്കൻ യു.പിയിലെ 36 ജില്ലകളും നേപ്പാളിൽ നിന്നുള്ള രോഗികളും ആശ്രയിക്കുന്നുണ്ട്.
ഓഗസ്റ്റ് 10ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കേസിൽ ബി.ആർ.ഡി മെഡിക്കൽ കോളജിലെ അന്നത്തെ പ്രിൻസിപ്പൽ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂർണിമ ശുക്ല എന്നിവർ അറസ്റ്റിലായിരുന്നു. യു.പി സ്പെഷൽ ടാസ്ക് ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്തത്തെ തുടർന്ന് രാജീവ് മിശ്രയെ പ്രിൻസിപ്പിൽ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. കൂടാതെ, ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ കഫീൽ അഹമ്മദിനെ യോഗി ആദിത്യനാഥ് സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു.