ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണം വ്യാജവാര്‍ത്തകളാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ. നാല് മണിക്കൂറിന് മുൻപ് മാത്രം അറിയിപ്പ് നൽകി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായത്, കോവിഡ്-19ന്റെ രൂക്ഷമായ വ്യാപനവും അത് ആഗോളതലത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയുമാണെന്നും കേന്ദ്രം വിശദീകരിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ എത്താൻ എന്തുകൊണ്ട് മൈലുകൾ നടക്കേണ്ടി വന്നു എന്ന് ടിഎംസി അംഗം മാല റോയ് ചോദിച്ചു.
“ലോക്ക്ഡൗണിന്റെ കാലാവധിയെക്കുറിച്ച് വ്യാജവാർത്തകൾ സൃഷ്ടിച്ച പരിഭ്രാന്തി കാരണം ധാരാളം കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണമായി. ആളുകൾ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ വേണ്ടത്ര ലഭ്യമാകുമോ എന്നതിനെ കുറിച്ച് ആശങ്കാകുലരായിരുന്നു,” എന്നും ആഭ്യന്തര സഹമന്ത്രി മറുപടി നൽകി.
“എങ്കിലും, കേന്ദ്രസർക്കാർ ഇതിനെക്കുറിച്ച് പൂർണ്ണ ബോധവാന്മാരായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.”
Read More: കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീണത് ലോകം കണ്ടു, മോദി മാത്രം അറിഞ്ഞില്ല: രാഹുൽ
വെറും നാല് മണിക്കൂർ നോട്ടീസിൽ സർക്കാരിന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
“2020 ജനുവരി 7 ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടയുടനെ, അന്താരാഷ്ട്ര യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകി, ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇത്തരത്തിൽ നിരവധി നടപടികൾ കേന്ദ്രസർക്കാർ കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ സ്വീകരിച്ചു,” നിത്യാനന്ദ് റായ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് കണക്കുകള്‍ ഒന്നും തന്നെ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് എന്ത് നടപടികള്‍ സ്വീകരിച്ചു. എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് നടന്നു പോകേണ്ടിവന്നത്, വഴിമധ്യേ നിരവധി പേര്‍ മരിച്ചുവീണതും അടക്കം ഉന്നയിച്ചുള്ള ഉന്നയിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ പറഞ്ഞത്.
തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവൻ സാക്ഷിയാണെന്നും മോദി സർക്കാർ മാത്രം ആ വാർത്തയറിഞ്ഞില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
Read in English: Panic due to fake news caused migrants to walk home: Govt