മുംബൈ: എൻസിപിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ നിയോഗിച്ച ഉന്നത സമിതി ശരദ് പവാറിന്റെ രാജിക്കത്ത് സ്വീകരിച്ചില്ല. പവാർ തന്നെ നിയോഗിച്ച 18 പേരടങ്ങിയ ഉന്ന സമിതി മുംബൈയിലെ എൻസിപി ഓഫിസിൽ ഇന്നു യോഗം ചേർന്നിരുന്നു. അധ്യക്ഷ സ്ഥാനം രാജിവച്ചുള്ള കത്ത് പവാർ കൈമാറിയ സാഹചര്യത്തിലായിരുന്നു ഉന്നത സമിതി യോഗം ചേർന്നത്.
അതേസമയം, പവാറിന്റെ മകളും ബരാമതിയിൽനിന്നുള്ള ലോക്സഭാ എംപിയുമായി സുപ്രിയ സുളെയുടെ പേരാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. പവാർ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സുളെയെ ദേശീയ അധ്യക്ഷനായി ശുപാർശ ചെയ്യുകയല്ലാതെ കമ്മിറ്റിക്ക് മറ്റ് മാർഗമില്ലെന്ന് എൻസിപിയിലെ വൃത്തങ്ങൾ പറയുന്നു.
”മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു പാർലമെന്റേറിയനാണ് അവർ. രാജ്യത്തെ എല്ലാ പ്രാദേശിക, ദേശീയ പാർട്ടികളായും നല്ല ബന്ധമുണ്ട്. ഒന്നര പതിറ്റാണ്ട് ദേശീയ തലത്തിൽ പ്രവർത്തിച്ച പരിചയമുള്ള ഡൽഹിയിലെ അറിയപ്പെടുന്ന മുഖമാണ് അവർ. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റാർക്കാണ് യോഗ്യതയുള്ളത്,” ഒരു എൻസിപി നേതാവ് ചോദിച്ചു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തിൽ പാർട്ടിയെ നയിക്കുന്നതിന് തനിക്ക് യാതൊരുവിധ മോഹവുമില്ലെന്ന് മറ്റൊരു മുതിർന്ന നേതാവും പവാറിന്റെ അനന്തരവനുമായ അജിത് പവാർ ആവർത്തിച്ച് പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തുനിന്നുള്ള ശരദ് പവാറിന്റെ രാജി കമ്മിറ്റി അംഗീകരിക്കുകയാണെങ്കിൽ, അടുത്ത ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുളെ മാത്രമാണ് പാർട്ടിക്കു മുന്നിലുള്ള ഓപ്ഷനെന്ന് എൻസിപി നേതാവ് വ്യക്തമാക്കി. അതേസമയം, രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന അണികളെ ശരദ് പവാർ ഇന്നലെ സന്ദർശിച്ചു. അണികളുടെ വികാരങ്ങൾ അവഗണിക്കില്ലെന്നാണ് അവർക്ക് പവാർ നൽകിയ ഉറപ്പ്.
”എന്റെ തീരുമാനത്തിനുശേഷം, മഹാരാഷ്ട്രയ്ക്കു പുറത്തുനിന്നുള്ള നിരവധി സഹപ്രവർത്തകർ ഇവിടെ എത്തി. അവർക്ക് എന്നോട് സംസാരിക്കണം. ഇന്നു വൈകുന്നേരത്തോടെ ഞങ്ങൾ കാണും. അതിനുശേഷം, നിങ്ങളുടെ എല്ലാവരുടെയും വികാരങ്ങൾ കണക്കിലെടുത്തും സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും,” അണികളെ അഭിസംബോധന ചെയ്ത് പവാർ പറഞ്ഞു.
”നിങ്ങളുടെ വികാരങ്ങൾ അവഗണിക്കപ്പെടില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഈ അവസരത്തിൽ ഞാൻ പറയുന്നത് ഇത്രമാത്രം. രണ്ടു ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് ഇങ്ങനെ ഇരിക്കേണ്ടി വരില്ലെന്ന് ഞാൻ ഉറപ്പു തരുന്നു,” പവാർ പറഞ്ഞു.
തന്റെ ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ പറഞ്ഞിരുന്നു. 1999 ല്‍ എന്‍സിപി രൂപീകരിച്ച നാള്‍ മുതല്‍ അധ്യക്ഷനായി തുടര്‍ന്ന് വരികയായിരുന്നു പവാർ.