scorecardresearch
Latest News

സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ പ്രോട്ടീനും പോഷകങ്ങളും വർധിപ്പിക്കണമെന്ന് സമിതി

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ഷെഡ്യൂൾ II പരിഷ്കരിച്ചുകൊണ്ടാണ് സമിതി നിർദേശം

പ്രതീകാത്മക ചിത്രം

കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ ‘നിശബ്ദ പ്രതിസന്ധി രൂക്ഷമാക്കാൻ’ സാധ്യതയുണ്ടെന്ന് അന്തർ മന്ത്രാലയ സമിതി. സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ മുട്ട, പരിപ്പ്, പയർവർഗ്ഗങ്ങൾ എന്നിവയും കാൽസ്യം, ഇരുമ്പ്, സിങ്ക്, ഫോളേറ്റ്, വിറ്റാമിൻ എ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും നൽകാൻ സമിതി ശുപാർശ ചെയ്യുന്നു. 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ഷെഡ്യൂൾ II പരിഷ്കരിച്ചുകൊണ്ടാണ് ഇവ നിര്ബന്ധമാക്കിയിരിക്കുന്നത്.

ഭക്ഷ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഭക്ഷ്യ സുരക്ഷ അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്എസ്എസ്എഐ) തുടങ്ങിയവയിൽ നിന്നുള്ള അംഗങ്ങൾ അന്തർ മന്ത്രാലയ സമിതിയിൽ ഉൾപ്പെടുന്നു.

നിലവിൽ, 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ‘അധിക ഭക്ഷ്യവസ്തു’ ആയി ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്നുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം മുതൽ മാസത്തിലൊരിക്കൽ എന്നിങ്ങനെ വിവിധ രീതിയിൽ ഇത് നൽകി വരുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്ഇതിന്റെ ചെലവ് വഹിക്കുന്നത്. ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനെ പല മത സംഘടനകളും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഉൾപ്പെടെയുള്ളവർ എതിർത്തിട്ടുണ്ട്.

ദേശീയ കുടുംബാരോഗ്യ സർവേ-5 (എൻഎഫ്എച്ച്എസ്-5) ഉദ്ധരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ‘അടിയന്തര നടപടി’ ആവശ്യമാണെന്ന് സമിതി നിർദ്ദേശിച്ചു, “കുട്ടികളുടെ പോഷകാഹാരക്കുറവ്, വളർച്ച മുരടിപ്പ്, എന്നിവയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്” എന്നാണ് സർവേയിലെ കണ്ടെത്തൽ, ഗർഭിണികളായ സ്ത്രീകളിലും പ്രത്യുൽപാദന പ്രായത്തിലുള്ളവരിലും വിളർച്ച വർധിക്കുന്നതിനൊപ്പമാണിത്. 2021 ഒക്ടോബറിൽ സമർപ്പിച്ച കരട് റിപ്പോർട്ട് നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

“2013 മുതൽ എൻഎഫ്എസ്എ നിലവിൽ വന്നിട്ടുണ്ടെങ്കിലും, ആഗ്രഹിച്ച ഫലങ്ങൾ അതിൽ നിന്ന് ഇതുവരെ കൈവരിച്ചിട്ടില്ല. എൻഎഫ്എസ്എ-5 സർവേ ഫലങ്ങൾ പല സംസ്ഥാനങ്ങളിലും പോഷകാഹാരക്കുറവും വിളർച്ചയും ആശങ്കാവഹമായി വർദ്ധിക്കുന്നതായി കാണിക്കുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുണ്ടായിട്ടും പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയാത്തത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നു,” എന്ന് റിപ്പോർട്ട് പറയുന്നു, “കോവിഡ് മഹാമാരി. നിശബ്‌ദ പ്രതിസന്ധിയെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്, അടിയന്തിര നടപടിയുടെ ആവശ്യകതയുണ്ട്.” എന്നും പറയുന്നു.

എല്ലാ വിഭാഗകാർക്കും ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകളുടെ അളവ് നിശ്ചയിക്കുന്നതിനൊപ്പം ഓരോ ഭക്ഷണത്തിനും കിലോകലോറിയുടെയും പ്രോട്ടീനിന്റെയും പുതിയ മാനദണ്ഡങ്ങൾ സമിതി ശുപാർശ ചെയ്തു. സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) ആറുമാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പരിരക്ഷ നൽകുമ്പോൾ, ലോവർ പ്രൈമറി ക്ലാസുകളിലെയും സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അപ്പർ പ്രൈമറി ക്ലാസുകളിലെയും വിദ്യാർഥികൾ പിഎം പോഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

സമിതിയുടെ ശുപാർശകൾ അനുസരിച്ച്, ലോവർ പ്രൈമറി ക്ലാസുകളിൽ ഭക്ഷണത്തിന് (പാലും പഴങ്ങളും ഒഴികെ) 9.6 രൂപയും അപ്പർ പ്രൈമറിയിൽ 12.1 രൂപയും ആയിരിക്കും. നിലവിൽ പാചകച്ചെലവ് യഥാക്രമം 4.97 രൂപയും 7.45 രൂപയുമാണ്. മുട്ട കഴിക്കാത്തവർക്ക് “നിർദിഷ്ട അളവിന്റെ ഇരട്ടി പരിപ്പും മറ്റു ധാന്യങ്ങളും” നൽകാമെന്ന് റിപ്പോർട്ട് പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Panel calls for boosting protein nutrients in govt meal programmes