/indian-express-malayalam/media/media_files/uploads/2017/02/panneerselvam-759.jpg)
ചെന്നൈ: എഐഎഡിഎംകെ യുടെ ട്രഷറർ താൻ തന്നെയാണെന്ന അവകാശവാദവുമായി പനീർശെൽവം രംഗത്ത്. പാർട്ടിയുടെ പ്രധാന അക്കൗണ്ടുകളുള്ള ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കരൂർ വൈശ്യ ബാങ്കിനും ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കത്തു നൽകി. ഇതോടെ പാർട്ടി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് ശശികലയ്‌ക്കോ മറ്റ് പാർട്ടി പ്രവർത്തകർക്കോ സാധിക്കില്ല.
നേരത്തേ പാർട്ടിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശശികല നടരാജൻ പനീർശെൽവത്തെ ട്രഷറർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ബാങ്കുകൾക്ക് നൽകിയ കത്തിൽ ഈ നടപടിയെ പനീർശെൽവം എതിർത്തു. ഇത്തരത്തിൽ തന്നെ പുറത്താക്കാൻ സാധിക്കില്ലെന്നും, നടപടി പാർട്ടിയുടെ ഭരണഘടന അനുസരിച്ച് അനധികൃതമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ബാങ്കിലെ പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട യാതൊരു പണമിടപാടും തന്റെ അറിവോ സമ്മതമോ കൂടാതെ നടത്തരുതെന്ന ആവശ്യമാണ് ബാങ്കിന് മുന്നിൽ വച്ചത്.
ഫലത്തിൽ എ.ഐ.എ.ഡി.എം.കെ യുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നിലയിലാവും. പനീർശെൽവത്തിനെതിരായ നടപടി കോടതി ശരിവയ്‌ക്കാതെ ഇവർക്ക് പണം പിൻവലിക്കാൻ സാധിക്കില്ല. 130 എം.എൽ.എ മാരെയും സുരക്ഷിത താവളത്തിലേക്ക് ശശികല മാറ്റിയെന്ന അഭ്യാഹങ്ങൾ പരക്കുന്നതിനിടെയാണ് പനീർശെൽവത്തിന്റെ പുതിയ നീക്കം.
രാഷ്ട്രീയ അസന്തുലിതാവസ്ഥ ഉടലെടുത്തതോടെ തമിഴ്നാട്ടിൽ എം.എൽ.എ മാർക്കായുള്ള കുതിരക്കച്ചവടത്തിനും അരങ്ങൊരുങ്ങി. വിവിധ രാഷ്ട്രീയ കക്ഷികൾ എ.ഐ.എ.ഡി.എം.കെ യുടെ നിയമസഭാ സാമാജികർക്കായി പണവുമായി മുന്നോട്ട് വരുന്നതായി തമിഴ്നാട്ടിൽ നിന്ന് റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശശികല പാർട്ടി പണം ഉപയോഗിക്കുന്നത് തടയാനാണ് പനീർശെൽവം ബാങ്കുകളെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.