വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

80 വർഷത്തിലേറെ നീണ്ട സംഗീത ജീവിതത്തിനിടെ പദ്മശ്രീ, പത്മഭൂഷൺ, പത്മവിഭുഷൺ തുടങ്ങി വിവിധ ബഹുമതികൾക്ക് അദ്ദേഹം അർഹനായിരുന്നു.

ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ച അദ്ദേഹം മേവതി ഘരാനയിലെ പ്രമുഖ സംഗീതജ്ഞരിരൊരാളാണ്. പിതാവ് മോതി രാംജിയാണ് ജസ്‌രാജിനെ സംഗീത ആലാപനത്തിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്തിയത്. പിന്നീട് മൂത്ത സഹോദരൻ പണ്ഡിറ്റ് പ്രതാപ് നാരായണന്റെ കീഴിൽ സഹ തബലിസ്റ്റായി പരിശീലനം നേടി.

ജയ്പൂർ അത്രൗലി ഘരാനയിലെ കിഷോരി അമോങ്കർ ഉൾപ്പെടുന്ന ക്ലാസിക്കൽ ഗായകരുടെ തലമുറയിലെ അവസാനത്തെ സംഗീതജ്ഞനാണ് വിട പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ചെറിയ ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. 2006 വിപി 32 (നമ്പർ -300128) എന്ന മൈനർ ഗ്രഹത്തിനാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (ഐ‌എ‌യു) ‘പണ്ഡിറ്റ്ജസ്രാജ്’എന്ന പേര് നൽകിയത്. 2006 നവംബർ 11 ന് കണ്ടെത്തിയ ഈ ചെറിയ ഗ്രഹതെതെ ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിലുള്ള ഇടത്തിലാണ് കണ്ടെത്തിയിരുന്നത്.

മുഖ്യമന്ത്രി അനുശോചിച്ചു

വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജിന്‍റെ നിര്യാണം ഇന്ത്യന്‍ സംഗീതത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഗീതത്തില്‍ നിരന്തരമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മാസ്മരിക സൗന്ദര്യവും സൗരഭ്യവും ലോകത്തിന്‍റെ നാനാ മേഖലകളില്‍ പടര്‍ത്തിയ അതുല്യപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ് രാജ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More: Pandit Jasraj passes away at 90

Read More From IE Malayalam:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook