കോവിഡ്, ദാരിദ്ര്യം, പൊട്ടിയ ഫോൺ; ഒരു കുടുംബത്തിന് മകനെ നഷ്ടപ്പെട്ടത് ഇങ്ങനെ

ഞാൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അവൻ എന്നോട് തർക്കിച്ചു. ഞാൻ അവന്റെ കോളറിൽ പിടിച്ചു. ‘എനിക്ക് ഒരു നല്ല ഷർട്ട് മാത്രമേയുള്ളൂ’ എന്ന് പറഞ്ഞ് അവൻ എന്നെ തടഞ്ഞു. പിന്നീട് ഷർട്ട് അഴിച്ച് ഹാങ്ങറിൽ തൂക്കി ഇനി തല്ലിക്കോളാൻ പറഞ്ഞു. പക്ഷെ എനിക്കതിന് കഴിഞ്ഞില്ല

Goa, Goa news, Goa coronavirus, Goa covid cases, Goa student suicide, Sattari taluka, Goa poverty, Coronavirus, Goa per capita income, Goa pandemic, Indian Express

ഗോവയിലെ സത്താരി താലൂക്കിലെ പാൽ ഗ്രാമത്തിൽ, ഒരു കുടുംബം അസ്വസ്ഥരാണ്. കോവിഡ് വ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളായ കുറവ് വരുമാനങ്ങളും അനിശ്ചിതമായ ഭാവിയും ഇതിനകം തന്നെ അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തകർന്ന മൊബൈൽ ഫോണായിരുന്നു ഒടുവിലത്തെ ദുരന്തമായി എത്തിയത്. ഒക്ടോബർ 15 നാണ് ഇവരുടെ 16 വയസുള്ള മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ തന്റെ സ്മാർട്ട്ഫോൺ ഉപയോഗിച്ചായിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതെന്ന് സ്വകാര്യ ബസ്  ഡ്രൈവറായ പിതാവ് പറയുന്നു. ഒക്ടോബർ 11 ന് ഫോൺ സ്‌ക്രീൻ തകർന്നു. എന്നാൽ ആദ്യം ആരോടും ഇക്കാര്യം പറഞ്ഞില്ലെങ്കിലും കുറച്ചു ദിവസം കഴിഞ്ഞ് ഫോൺ കേടായ കാര്യം മകൻ അമ്മയെ അറിയിച്ചു.

“ഞങ്ങൾ മാസങ്ങളായി പ്രയാസത്തിലായതിനാൽ എല്ലാവരും മോശം മാനസികാവസ്ഥയിലായിരുന്നു. ഫോണിനെക്കുറിച്ച് അവൻ അമ്മയോട് പറഞ്ഞപ്പോൾ, അത് ഉടൻ നന്നാക്കാൻ കഴിയില്ലെന്ന് അവൾ പറഞ്ഞു. അതവനെ ദേഷ്യം പിടിപ്പിച്ചു. ഞാൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അവൻ എന്നോട് തർക്കിച്ചു. ഞാൻ അവന്റെ കോളറിൽ പിടിച്ചു. ‘എനിക്ക് ഒരു നല്ല ഷർട്ട് മാത്രമേയുള്ളൂ’ എന്ന് പറഞ്ഞ് അവൻ എന്നെ തടഞ്ഞു. പിന്നീട് ഷർട്ട് അഴിച്ച് ഹാങ്ങറിൽ തൂക്കി ഇനി തല്ലിക്കോളാൻ പറഞ്ഞു. പക്ഷെ എനിക്കതിന് കഴിഞ്ഞില്ല,” പിതാവ് പറയുന്നു.

“എന്റെ പക്കൽ 500 രൂപ മാത്രമേയുള്ളൂവെന്നും അരി വാങ്ങാൻ അത് ആവശ്യമാണെന്നും ഞാൻ അവനോട് പറഞ്ഞു. സ്‌ക്രീൻ നന്നാക്കാൻ ആവശ്യമായ 2,000 രൂപയ്ക്കായി നാല് ദിവസം കാത്തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കോവിഡ് ആരംഭിച്ചതുമുതൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. നേരത്തേ ദിവസത്തിൽ 700 രൂപ കിട്ടിയിരുന്നു. എന്നാൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ നാലുമാസം വരുമാനമില്ലായിരുന്നു. ജൂലൈയിൽ അദ്ദേഹം ജോലിയിൽ തിരിച്ചു കയറി. പക്ഷേ 500 രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതും ചില ദിവസങ്ങളിൽ.

ഗണേശ ചതുർത്ഥിക്ക് 1500 രൂപ കിട്ടിയതൊഴിച്ചാൽ ലോക്ക്ഡൌണിന് ശേഷം തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് വീട്ടമ്മമാർക്കായുള്ള ക്ഷേമപദ്ധതിയായ ഗൃഹ ആധാർ പദ്ധതിയുടെ ഗുണഭോക്താവായ അമ്മ പറഞ്ഞു. വിധവകൾക്കുള്ള ദയാനന്ദ് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താവായ മുത്തശ്ശിക്കും മാസങ്ങളായി പണമൊന്നും ലഭിച്ചില്ല.

സംസ്ഥാനത്തെ ഖജനാവ് കാലിയായതിനാൽ വരുമാനം സ്തംഭിച്ചതായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും രണ്ട് പദ്ധതികളുടെയും 1.7 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 45.29 കോടി രൂപ നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചൊവ്വാഴ്ച അറിയിച്ചു.

മൊബൈൽ ഫോൺ നന്നാക്കാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് നോർത്ത് ഗോവ എസ്പി ഉത്‌ക്രിഷ്ത് പ്രസൂൺ പറഞ്ഞു. “ആൺകുട്ടിക്ക് 16 വയസായിരുന്നു. തൂങ്ങിമരണമായിരുന്നു. സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ അദ്ദേഹത്തിന്റെ സ്കൂൾ അധ്യാപകരുമായും മറ്റുള്ളവരുമായും സംസാരിക്കുന്നുണ്ട്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.”

ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നതെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചു.

അവന്റെ ക്ലാസ് ടീച്ചർ ഇപ്പോഴും ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ 59 വിദ്യാർത്ഥികളിൽ പകുതിയിലധികം പേരും അവരുടെ ഫോൺ ഉപയോഗിച്ചാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. ആ 16 വയസുകാരൻ അവരിൽ ഒരാളായിരുന്നു. “അവൻ ഒരു മിടുക്കനായ കുട്ടിയായിരുന്നു. ഗൃഹപാഠം പൂർത്തിയാക്കി ഓൺലൈൻ ക്ലാസുകളിൽ മികവ് പുലർത്തിയിരുന്നു. അടുത്തിടെ നടത്തിയ ഒരു ടെസ്റ്റിൽ പോലും അവന് മികച്ച മാർക്ക് ലഭിച്ചിരുന്നു,” അദ്ദേഹം പറയുന്നു.

ഓൺ‌ലൈൻ ക്ലാസുകളിൽ നൽകിയിരുന്ന വർക്ക്‌ഷീറ്റുകളിൽ വ്യക്തത വരുത്താനോ മറ്റ് സംശയങ്ങൾ തീർക്കാനോ ആവശ്യമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾ സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. അവൻ മരിച്ച ആഴ്ചയിൽ ഒരു പുസ്തകം എടുക്കുന്നതിനായി ആൺകുട്ടി സ്കൂൾ സന്ദർശിച്ചിരുന്നു. “എന്തെങ്കിലും സംശയമുണ്ടെങ്കിൽ അവൻ സ്കൂളിൽ വരുമായിരുന്നു, പക്ഷേ അവൻ ഒരിക്കലും തന്റെ മൊബൈൽ ഫോണിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, അത് കുഴപ്പമില്ലെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറയുമായിരുന്നു,” ടീച്ചർ പറയുന്നു.

എല്ലാ ബുദ്ധിമുട്ടുകൾക്കുമിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും കാണിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. “എന്നാൽ ഞങ്ങൾക്ക് ഇപ്പോൾ വരുമാനമൊന്നുമില്ല… ലോക്ക്ഡൌണിന് ശേഷ ചെലവുകൾ മാത്രമാണ് വർധിച്ചത്. എന്നിരുന്നാലും, വിദ്യാഭ്യാസം വളരെ പ്രധാനമായതിനാൽ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ട് ആൺകുട്ടികൾക്കുമായി ഞങ്ങൾക്ക് ഒരു ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുടെ ക്ലാസുകൾ തമ്മിൽ സമയത്തിന്റെ പ്രശ്നം ഉണ്ടായിരുന്നതിനാൽ ഇളയ മകൻ ഒരു ക്ലാസിലും പങ്കെടുത്തിട്ടില്ല.”

Read More in English: Pandemic, distress, a broken phone: How a family in Goa lost their 16-year-old son

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pandemic distress a broken phone how a family in goa lost their 16 year old son

Next Story
വിദേശികൾക്ക് ഇന്ത്യയിലേക്ക് വരാം, വിനോദ സഞ്ചാരത്തിനാകരുത്: കേന്ദ്രംforeign nationals india visa, PIO OCI india visa, india visa rules, visa relaxation, visa for foreigners, ministry of home affairs, international flights, india international flights, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com