ന്യൂഡൽഹി: ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ വളർത്തുമകൾ ഹണിപ്രീത്​ ഹരിയാന പൊലീസിന്റെ കസ്​റ്റഡിയിൽ​. ഹണിപ്രീതിനെ കസ്റ്റഡിയിലെടുത്തത് ഹരിയാന പൊലീസ് സ്ഥിരീകരിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹണിപ്രീത്​ കീഴടങ്ങുമെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെ ഹണിപ്രീത്​ ന്യൂസ്​ 24 ചാനലിന്​ അഭിമുഖം നൽകിയിരുന്നു. ആൾദൈവം ഗുർമീത്​ റാം റഹീം സിങ്ങി​​​ന്റെ ദത്തു പുത്രിയാണ്​ താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച്​ ഉയരുന്ന ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നുമാണ്​ അഭിമുഖത്തിൽ ഹണിപ്രീത്​ വ്യക്​തമാക്കിയത്​.

സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. രാജ്യത്തിനുവേണ്ടി ഗുർമീത് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ താൻ അതിനോടൊപ്പം നിന്നു. മികച്ച അഭിനേത്രിയെ കിട്ടാതെ വന്നപ്പോൾ താൻ സിനിമയിൽ അഭിനയിച്ചുവെന്നും ഹണിപ്രീത് പറഞ്ഞു. ഹണിപ്രീതിനുവേണ്ടിയുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയത്. ഇത് പൊലീസിന് തലവേദനയായിരുന്നു.

ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത നേരത്തെ രംഗത്തെത്തിയിരുന്നു. ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്നു തന്നെ കൊലപ്പെടുത്താൻ ഗുർമീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ