അഗര്‍ത്തല: ത്രിപുരയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് നേട്ടം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ബിജെപിക്കാണ് വിജയം. ജൂലൈ 27 നാണ് 833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നത്. ഇതില്‍ 85 ശതമാനം ഇടത്തും ബിജെപിക്കാണ് വിജയം.

833 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 638 പഞ്ചായത്തുകളും ബിജെപി സ്വന്തമാക്കി. മുന്‍ ഭരണകക്ഷിയായ സിപിഎമ്മിന് നേടാനായത് 22 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന് 158 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു.

Read Also: ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടി: സിപിഎം

പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 74 ഇടത്ത് ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ആറിടത്തും സിപിഎം ഒരിടത്തും ജയിച്ചു. ജില്ലാ പരിഷത്ത് വോട്ടെടുപ്പില്‍ 77 സീറ്റിലും ബിജെപിക്കാണ് വിജയം. ത്രിപുരയില്‍ ആകെയുള്ളത് 6,111 പഞ്ചായത്ത് സീറ്റുകളാണ്. 419 പഞ്ചായത്ത് സമിതികളും 116 ജില്ലാ പരിഷത്ത് സീറ്റുകളും ഉണ്ട്. സംസ്ഥാനത്ത് 76.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

മുന്‍ ഭരണകക്ഷിയായ സിപിഎമ്മിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വി കനത്ത പ്രഹരമായിരിക്കുകയാണ്. ഇടതുകോട്ട എന്ന വിശേഷണമുള്ള ത്രിപുരയില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook