ന്യൂഡൽഹി: പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്ന വിധത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുബത്തിനെതിരെ സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്ത്യൻ എക്സ്‌പ്രസ് ഉൾപ്പടെ ലോകത്തെ വിവിധ മാധ്യമങ്ങൾ ചേർന്ന് പുറത്ത് കൊണ്ടുവന്ന പനാമ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്.

അഞ്ചംഗ സുപ്രീം കോടതി ബഞ്ചിൽ മൂന്ന് പേരാണ് അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തത്. ഇതോടെ നവാസ് ഷെരീഫിന്റെ മക്കളായ മരിയം, ഹസൻ, ഹുസൈൻ ഷെരീഫ് എന്നിവർക്കെതിരെ അന്വേഷണം നടക്കും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നവാസ് ഷെരീഫിന്റെ കുടുംബത്തിന് എതിരായ ഈ അന്വേഷണം പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

അറുപത് ദിവസത്തിനുള്ളിൽ കേസ് അന്വേഷിച്ച് റിപ്പോഞ്ഞർട്ട് സമർപ്പിക്കണമെന്ന് സസാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പാക് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനവരി നാലിനാണ് ഈ കേസുമായ ബന്ധപ്പെട്ട് നവാസ് ഷെരീഫിന്റെ കുടുംബത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം കോടതി പരിഗണിച്ചത്. ഇതിനായി അഞ്ചംഗ സുപ്രീം കോടതി ബഞ്ചിനെയും നിയോഗിച്ചിരുന്നു.

രാജ്യത്തിന് പുറത്ത് എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി നവാസ് ഷെരീഫിന്റെ മക്കൾ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഈ പനാമ പേപ്പറിലെ വെളിപ്പെടുത്തലിൽ പുറത്ത് വന്നിരുന്നു. ഈ പണം ലണ്ടനിൽ വസ്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. പനാമയിലെ മൊസാക് ഫൊൻസെക എന്ന നിയമകാര്യ സ്ഥാപപനമാണ് ലോകത്തെ ഉന്നതന്മാരുടെ സമ്പത്ത് നികുതി വെട്ടിച്ച് നിക്ഷേപിക്കാൻ സഹായിച്ചത്. ഈ രേഖകളാണ് പനാമ പേപ്പറിലൂടെ ലോകത്തെ നിരവധി മാധ്യമങ്ങൾക്കൊപ്പം ദി ഇന്ത്യൻ എക്‌സ്‌പ്രസും ചേർന്ന് പുറത്ത് കൊണ്ടുവന്നത്.

വിധി പല രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാകുമെന്ന് കണ്ട്, ഇസ്ലാമാബാദിലെ റെഡ് സോണിൽ ഏതാണ്ട് 1500 ലധികം സുരക്ഷ സൈനികരെ അണിനിരത്തിയിരുന്നു. തെഹ്‌രീക്-ഇ-ഇൻസാഫ് സംഘടനാ നേതാവ് ഷെയ്ക് റാഷിദ് അഹമ്മദ് ഈ വിധി രാജ്യത്തിന് സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. “57 ദിവസം കാത്തിരുന്നുവെങ്കിലും രാജ്യത്തിന് ഉപകാരപ്പെടുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്” എന്ന് അദ്ദേഹം പ്രമുഖ മാധ്യമസ്ഥാപനമായ ഡോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് “ചരിത്ര വിധി”യാണെന്ന് അവാമി മുസ്ലിം ലീഗ് തലവൻ ഷെയ്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി. ഇദ്ദേഹം ഈ കേസിൽ നവാസ് ഷെരീഫിനെതിരെ കക്ഷിചേർന്നിരുന്നു. “കോടതിയുടെ അന്തിമ വിധി ഏത് തരത്തിലായാലും സ്വാഗതം ചെയ്യുമെന്ന്” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ