ന്യൂഡൽഹി: പാനമ രേഖകളുമായി ബന്ധപ്പെട്ട കേസിൽ നടി ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇഡി വിളിപ്പിച്ചതിനെത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ഐശ്വര്യ ഡൽഹിയിലെ ഓഫീസിലെത്തിയത്.
2016ൽ ദി ഇന്ത്യൻ എക്സ്പ്രസ്-ഐസിഐജെയും പുറത്തുവിട്ട പാനമ രേഖ വെളുപ്പെടുത്തലിൽ ഉൾപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു ഐശ്വര്യ. 2005ൽ അമിക് പാർട്ണേഴ്സ് ലിമിറ്റഡ് എന്ന ഒരു ഓഫ്ഷോർ സ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബച്ചൻ കുടുംബത്തിനെതിരെ അന്വേഷണം തുടരുകയാണെന്നതിന്റെ ആദ്യ സ്ഥിരീകരണമാണ് ഇഡിയുടെ നോട്ടീസ്.
2016 മുതൽ ഇഡി കേസ് അന്വേഷിച്ചുവരികയാണ്. ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം 2004 മുതലുള്ള വിദേശ പണമിടപാടുകൾ വിശദീകരിക്കാൻ ആവശ്യപ്പെട്ട് ബച്ചൻ കുടുംബത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
Also Read: പാനമ പേപ്പര്‍: ഇന്ത്യന്‍ പ്രമുഖരുടെ സാമ്പത്തിക രഹസ്യങ്ങള്‍; പുതിയ രേഖകള്‍
അതേസമയം, ഫെമ (വിദേശ വിനിമയ കൈകാര്യ നിയമം)യുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് ഐശ്വര്യ റായിയെ വിളിപ്പിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഐശ്വര്യ റായ്ക്ക് മുൻപ് മുമ്പ് രണ്ട് തവണ നോട്ടീസ് നൽകിയിരിക്കുന്നെങ്കിലും അവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പാനമ രേഖകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് 20,000 കോടി രൂപയുടെ പരസ്യമാക്കാത്ത സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.