ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് അടക്കം നൂറോളം മാധ്യമങ്ങളും അമേരിക്കയിലെ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുറത്തുവിട്ട പനാമ പേപ്പർ കളളപ്പണ നിക്ഷേപ രേഖകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പനാമ പേപ്പറുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയിലാണ് കളളപ്പണക്കാരുടെ പട്ടികയിൽ 424 പേരുണ്ടെന്ന് കണ്ടെത്തിയത്.

വിവിധ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സംയുക്തമായാണ് പനാമ പേപ്പർ അന്വേഷിച്ചത്. ഇതിലെ പാൻ നന്പറുകൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് 424 പേർ ഇന്ത്യക്കാരാണെന്ന് വ്യക്തമായത്. 13 അധികാര പരിധികളിലെ അന്വേഷണ ഏജൻസികളിൽ നിന്ന് ഇന്ത്യൻ സാന്പത്തിക അന്വേഷണ സംഘങ്ങൾക്ക് കിട്ടിയ ഭാഗികവും പൂർണ്ണവുമായ വിവരങ്ങളിലാണ് കൂടുതൽ പേരെ തിരിച്ചറിയാനായത്. 205 പേർ വിദേശ കന്പനികളുമായുള്ള തങ്ങളുടെ ബന്ധം സമ്മതിച്ചിട്ടുണ്ട്. എന്നാൽ 60 പേർ ആരാണെന്ന് ഇനിയും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായിട്ടില്ല.

പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊൻസെക എന്ന കന്പനിയുടെ രേഖകൾ ചോർന്നതോടെയാണ് അന്താരാഷ്ട്ര തലത്തിൽ വൻ കള്ളപ്പണ നിക്ഷേപ കഥകൾ പുറത്തുവന്നത്. വിദേശ രാജ്യങ്ങളിലെ കന്പനികളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വിദേശത്ത് ബാങ്കുകളിൽ നിക്ഷേപം നടത്താനുള്ള സഹായമാണ് മൊസാക് ഫൊൻസെക നൽകിവന്നത്. എന്നാൽ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, സുഡോഷേ സേതുങ്ങ്, ദി ഇന്ത്യൻ എക്സ്‌പ്രസ് അടക്കം നൂറോളം മാധ്യമങ്ങൾ നടത്തിയ രഹസ്യ നീക്കത്തിലാണ് വിവരങ്ങൾ പുറത്തെത്തിക്കാനായത്.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സാന്പത്തിക രഹസ്യാന്വേഷണ വിഭാഗം, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. 40 വർഷത്തിനിടയിൽ 500 ഇന്ത്യക്കാർ മൊസാക് ഫൊൻസെക വഴി വിദേശ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ 13 രാജ്യങ്ങളിലെ സാന്പത്തിക അന്വേഷണ അധികൃതർക്ക് സംശയിക്കപ്പെടുന്ന 283 പേരുടെ വിവരങ്ങൾ നേരത്തേ തന്നെ അയച്ചിരുന്നു. 2016 ജൂലൈയിൽ വെറും 91 ഇന്ത്യക്കാരുടെ പേരാണ് ഉണ്ടായിരുന്നത്. ഇന്ത്യ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം ഒക്ടോബറിൽ പനാമ പേപ്പറിലെ ഇന്ത്യക്കാരുടെ എണ്ണം 198 ആയി ഉയർന്നു.

അതേസമയം സിപ്രസ്, ബ്രിട്ടീഷ് വിർജിൻ ഐലന്റ്, സീഷെൽസ് ആന്റ് ജേർസി, എന്നിവർ മടക്കിയ 17 കേസുകൾ പുന:പരിശോധനയ്ക്ക് വിടുമെന്ന് സെന്റട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അധികൃതർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ബ്രിട്ടീഷ് വിർജിൻ ഐലന്റാണ് ഇന്ത്യൻ ഏജൻസികൾക്ക് ഏറ്റവും സംതൃപ്തിയേകുന്ന മറുപടി നൽകിയത്.

11.5 ദശലക്ഷം രേഖകളാണ് മൊസെക് ഫൊൻസെക യിൽ നിന്ന് മാധ്യമപ്രവർത്തകർ കണ്ടെത്തിയത്. ജുഡീഷ്യൽ അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അധികൃതരോട് ഇതുവരെ ഉള്ള അന്വേഷണത്തിന്റെ പൂർണ്ണ വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ