ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 2023 ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആയിരുന്നു.
സെക്ഷന്‍ 139എഎ ഉപവകുപ്പ് (2) ആദായനികുതി നിയമം 1961 പ്രകാരം, 2017 ജൂലൈ 1-ന് പാന്‍ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും ആധാറും പാനും ലിങ്കുചെയ്യുന്നതിന് തന്റെ ആധാര്‍ നമ്പര്‍ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30-നാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2023 ജൂലൈ 1 മുതല്‍, ആധാര്‍ ലിങ്ക് ചെയ്യാതിരുന്നാല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. എന്നിരുന്നാലും, 1,000 രൂപ ഫീസ് അടച്ച് ആധാര്‍ ലിങ്ക് ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ധനമന്ത്രാലയം പറയുന്നതനുസരിച്ച്, പാന്‍ പ്രവര്‍ത്തനരഹിതമാകുന്ന വ്യക്തികള്‍ക്ക്: പണം തിരികെ ലഭിക്കില്ല; പാന്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെ റീഫണ്ടിന് പലിശ നല്‍കേണ്ടതില്ല. കൂടാതെ ടിഡിഎസ്, ടിസിഎസ് എന്നിവയും നിയമത്തില്‍ നല്‍കിയിരിക്കുന്നത് പോലെ ഉയര്‍ന്ന നിരക്കില്‍ കുറയ്ക്കും/ശേഖരിക്കും. മാര്‍ച്ച് 28 വരെ 51 കോടിയിലധികം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി ധനമന്ത്രാലയം അറിയിച്ചു.