ഗാസ: ലോകത്തെ കണ്ണീരണിയിച്ച് വീണ്ടും പലസ്‌തീനില്‍ നിന്നുമുള്ള വാര്‍ത്ത. ഗാസയിലെ അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെ അവസാന ഇരയായി മാറിയത് പാരാമെഡിക് വോളന്റിയറായ റസാന്‍ അല്‍ നജ്ജാറാണ്. ആക്രമണങ്ങളില്‍ പരുക്കേറ്റവരുടെ മുറിവില്‍ മരുന്ന് വയ്‌ക്കുന്ന റസാന്റെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ആക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് മരുന്ന് നൽകാനായി പോകവെയായിരുന്നു റസാന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേല്‍ക്കുന്നതും മരിക്കുന്നതും. വെള്ളിയാഴ്‌ച ഖാന്‍ യൂനിസിനടുത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു വെടിവയ്‌പ് നടന്നത്. പലസ്‌തീൻകാരുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ഡമോണ്‍സ്‌ട്രേഷന്റെ ഭാഗമായിരുന്നു പ്രതിഷേധം. സമരക്കാര്‍ക്കുള്ള മരുന്നുമായി എത്തിയതായിരുന്നു റസാന്‍.

കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു റസാന്‍ സമരമുഖത്തേക്ക് വന്നതെന്നും എന്നാല്‍ ആയുധമില്ലെന്ന് വ്യക്തമായിട്ടും സൈന്യം അദ്ദേഹത്തിനു നേർക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സംഭവത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

21 കാരിയായ റസാന്റെ ഓര്‍മ്മകള്‍ അവളുടെ കൊലപാതകത്തെ അതിജീവിക്കുമെന്നും അതിര്‍ത്തിയിലെ മാലാഖയും ഹീറോയുമാണ് അവളെന്നും പലസ്‌തീന്‍ ജനത പറയുന്നു. റാസയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ