ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാഫിസ് സയീദിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പാക്കിസ്ഥാനിലെ സ്ഥാനപതിയെ പാലസ്തീന്‍ തിരിച്ചുവിളിച്ചു.റാവല്‍പിണ്ടിയില്‍ നടന്ന പൊതുപരിപാടിയിലാണ് പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതിയായ വലീദ് അബു അലി ജമാ അത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടത്.
വെള്ളിയാഴ്ച നടന്ന പരിപാടിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചുകൊണ്ട് മുന്നോട്ടുവരികയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ മാസ്റ്റര്‍മൈന്‍ഡ് എന്നാരോപിക്കപ്പെടുന്ന ഹാഫിസ് സയീദുഹാഫിസ് സയീമായി വേദി പങ്കിട്ട പാലസ്തീന്‍ സ്ഥാനപതിയുടെ നടപടി ഇന്ത്യ പാലസ്തീന്‍ സര്‍ക്കാര്‍ മുന്‍പാകെ ‘ശക്തമായി’ ഉന്നയിക്കും എന്നാണ് വിദേശകാര്യ വക്താവ്വ് രവീഷ് കുമാര്‍ പ്രതികരിച്ചത്. ” ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കാണുകയുണ്ടായി. ന്യൂഡല്‍ഹിയിലുള്ള പാലസ്തീനിയന്‍ സ്ഥാനപതിയേയും പാലസ്തീനിയന്‍ അധികാരികളെയും ശക്തമായി തന്നെ കാര്യം ധരിപിക്കും.” രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരെ കാമ്പൈന്‍ നടത്തുന്ന തീവ്ര നയങ്ങളുള്ള ഇസ്ലാമിക പാര്‍ട്ടിയായ ദിഫ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ റാലിയിലാണ് പാലസ്തീന്‍ സ്ഥാനപതി പങ്കെടുത്തത്. 2007 ഡിസംബര്‍ 27ന് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ബുട്ടോ അവസാനമായി പങ്കെടുത്ത പൊതുപരിപാടി നടന്ന റാവല്‍പിണ്ടിയില്ടെ ലിയാഖത് ബാഗിലാണ് ദിഫ-ഇ- പാക്കിസ്ഥാന്‍റെ യോഗം നടന്നത്.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരെ പ്രസംഗിച്ച ഹാഫിസ് സയീദിന്‍റെ പ്രസംഗത്തില്‍ കശ്മീരും ഇസ്രായേലും കടന്നുവന്നു. അമേരിക്ക ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചയാളാണ് ഹാഫിസ് സയീദ്. 10 ദശലക്ഷം ഡോളര്‍ ആണ് ഹാഫിസിനുമേലുള്ള പാരിതോഷികം. 2008ലെ മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി കൂടിയാണ് ഹാഫിസ് സയീദ്. ഈ വര്‍ഷം തുടക്കത്തില്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഹാഫിസിനെ കോടതി വെറുതെ വിടുകയായിരുന്നു.