മനില: ഫിലിപ്പീന്‍സില്‍ നരഭോജിയായ മുതലയെ പാരിസ്ഥിതിക അതോറിറ്റി പിടികൂടി. ശനിയാഴ്ച്ചയാണ് മുതലയെ പിടികൂടിയത്. ബലാബാക്ക് ട്വീപില്‍ ഒരു മത്സ്യത്തൊഴിലാളിയെ മുതല കൊലപ്പെടുത്തി ഭക്ഷിച്ചതിന് പിന്നാലെയാണ് ഇതിനെ പിടികൂടിയത്. 15.6 അടി നീളവും 500 കി.ഗ്രാമോളം ഭാരവും ഉണ്ട് മുതലയ്ക്ക്. പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് അധികാരികള്‍ എത്തിയാണ് മുതലയെ കെണിയിലാക്കുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മുതല കെണിയിലായത്. വനംവകുപ്പ് അധികൃതരും സഹായത്തിന് എത്തിയിരുന്നു. മുതലയെ പിടികൂടി പ്യുയെര്‍ട്ടോ പ്നിന്‍സെസാ നഗരത്തില്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ചു. നവംബര്‍ 28 ബുധനാഴ്ച്ചയാണ് 33കാരനായ കോര്‍ണെലിയോ ബൊണെറ്റെ എന്ന മത്സ്യത്തൊഴിലാളിയുടെ ശരീരഭാഗങ്ങല്‍ കണ്ടെടുത്തത്. മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹത്തിന്റെ രണ്ട് കൈയും കാലുകളും മൃതദേഹത്തില്‍ നിന്നും നഷ്ടപ്പെട്ട നിലയിലായിരുന്നു.
മൃതദേഹത്തില്‍ മുഴുവനും മുതല കടിച്ച പാടുകളും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ബാല്ബാക്കില് ഇത് ആദ്യമായല്ല മുതലയുടെ ആക്രമണം ഉണ്ടാവുന്നത്. നിരവധി ഉപ്പുതടാകങ്ങളുളള പ്രദേശത്ത് ഒക്ടോബറില്‍ 16കാരനായ വിദ്യാര്‍ത്ഥി മുതലയുടെ അക്രമണത്തിന് ഇരയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. മുതലകള്‍ വിഹരിക്കുന്ന തടാകങ്ങളുടെ അടുത്ത് പോവരുതെന്ന് അറിയിച്ച് ബാല്‍ബാക്ക് അധികൃതര്‍ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.