ഗാസ: പലസ്തീൻ പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് പലസ്തീനിൽ ശനിയാഴ്ച ദു:ഖാചരണം നടത്താൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടു. വിദ്യാലയങ്ങൾക്ക് അവധി നൽകി.
ഗാസയോട് ചേർന്ന അതിർത്തി പ്രദേശത്ത് വെളളിയാഴ്ചയാണ് സംഭവം. ആറ് ആഴ്ചകൾ നീളുന്ന സമര പരിപാടിക്കാണ് ദു:ഖവെളളി ദിവസമായ ഇന്നലെ പലസ്തീൻകാർ തുടക്കം കുറിച്ചത്. ഇതിനിടെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്.
ഇസ്രയേൽ സൈന്യത്തിന് നേരെ ടയറുകൾ കത്തിച്ച് എറിയുകയും കല്ലെറിയുകയും ചെയ്തതാണ് വെടിയുതിർക്കാൻ കാരണമെന്ന് ഇസ്രയേൽ പിന്നീട് വിശദീകരിച്ചു. പിന്നാലെ ഗാസ അതിർത്തിയിലെ ആറ് സ്ഥലങ്ങളെ ഇസ്രയേൽ കലാപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
42 വർഷം മുൻപ് ഇസ്രയേലിന്റെ ഭൂമി കൈയ്യേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ആറ് പേരുടെ ഓർമ്മയിലാണ് മാർച്ച് 30 പലസ്തീൻകാർ ലാന്റ് ഡേ ആയി ആചരിക്കുന്നത്. മെയ് രണ്ടാം വാരം വരെ നീണ്ടുനിൽക്കുന്നതായിരുന്നു പരിപാടി.