തൊടുപുഴ: ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കും മൂലം വീര്‍പ്പുമുട്ടുന്ന മലയോര ജില്ലയായ ഇടുക്കിയെ ബന്ധിപ്പിച്ച് പളനി- ശബരിമല ദേശീയപാത നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൂന്നാറില്‍ കൊച്ചി-ബോഡിമെട്ട് ദേശിയാ പാതയുടെ നിര്‍മാണോദ്ഘാടനത്തിനെത്തിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് കേരളത്തിനും ഇടുക്കി ജില്ലയ്ക്കും ഏറെ പ്രയോജനകരമാകുന്ന ഹൈവേ നിര്‍മിക്കുമെന്നു വ്യക്തമാക്കിയത്.
ബോഡിമെട്ട് ദേശീയപാത ആധുനികവൽക്കരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് മലയോര മേഖലയിലെ ഗതാഗതപ്രശ്‌നങ്ങളെക്കുറിച്ചും ഹൈവേയുടെ ആവശ്യകതയെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എംപിയുടെ സ്വാഗത പ്രസംഗത്തെ തുടര്‍ന്നായിരുന്നു കേന്ദ്രമന്തി പളനി-ശബരിമല ഹൈവേ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചത്. പളനിയില്‍ നിന്നരാംഭിച്ച് മൂന്നാര്‍, കട്ടപ്പന, മുണ്ടക്കയം വഴി ശബരിമലയില്‍ എത്തിച്ചേരുന്ന നിര്‍ദിഷ്ടപാത 370 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ പാത. ഈ ഹൈവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനുള്ള നടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിര്‍ദിഷ്ട കൊച്ചി-മൂന്നാര്‍ റോഡ് നാലുവരി പാതയാക്കും. ഇത് രാജ്യം മുഴുവനുമുള്ള ടൂറിസം വികസനത്തിനു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കായല്‍, തുറമുഖ, ജലഗതാഗത ടൂറിസത്തിനു കേരളത്തില്‍ വന്‍ സാധ്യതയാണുള്ളതെന്നു പറഞ്ഞ മന്ത്രി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്ന തരത്തിലുള്ള ടീം പ്രോജക്ട് ആവശ്യമാണെന്നും ഇത്തരത്തിലുള്ള പ്രൊജക്ട് കേരളം സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി.
സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.
മൂന്നാര്‍-മുതല്‍ ബോഡിമെട്ടു വരെയുള്ള 42 കിലോമീറ്റര്‍ ദൂരമാണ് മൂന്നാര്‍-ബോഡിമെട്ട് ഹൈവേ വികസനത്തിന്റൈ ഭാഗമായി ആധുനിക രീതിയില്‍ നിര്‍മിക്കുന്നത്. 380.76 കോടി രൂപ വരുന്ന കേന്ദ്രഫണ്ടുപയോഗിച്ചു നിര്‍മിക്കുന്ന ഹൈവേ രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈവേ കടന്നുപോകുന്ന 26 കിലോമീറ്റര്‍ പ്രദേശം ഏലമലക്കാടിൽ (സിഎച്ച്ആർ) ഉള്‍പ്പെടുന്നതാണെന്നും ഇവിടെ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്നും ചൂണ്ടിക്കാട്ടി അടുത്തിടെ മൂന്നാര്‍ ഡിഎഫ്ഒ ദേശീയപാത അധികൃതര്‍ക്കു നോട്ടീസ് നല്‍കിയത് വന്‍ കോലാഹലമുണ്ടാക്കിയിരുന്നു.