ഇസ്ലാമാബാദ്: അമേരിക്കയിലെ ട്രംപ് ഭരണകൂടം നടത്തിയ സമ്മർദ്ദങ്ങൾ ഫലം കണ്ടതോടെ പാക്കിസ്ഥാൻ ഭീകരസംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ജമാ അത്തുദ്ദഅവ അടക്കം നിരവധി സംഘടനകൾ ഇതോടെ നിരീക്ഷണ വലയത്തിലായി.
പാക് വിദേശകാര്യ മന്ത്രാലയമാണ് പട്ടിക പുറത്തുവിട്ടത്. 72 ഗ്രൂപ്പുകളെയാണ് വിലക്കിയിരിക്കുന്നത്. അഫ്ഗാൻ താലിബാൻ, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാൻ സഹായിക്കാതെ ഇനി പാക്കിസ്ഥാനുമായി സഹകരിക്കില്ലെന്ന നിലയിലായിരുന്നു അമേരിക്കയുടെ ഭീഷണി. പാക്കിസ്ഥാനുള്ള സൈനിക-സാമ്പത്തിക സഹായങ്ങൾ അമേരിക്ക നിർത്തിയിരുന്നു.
15 വർഷമായി 3,300 കോടി ഡോളറിന്റെ സൈനിക സാമ്പത്തിക സഹായം കൈപ്പറ്റിയ പാക്കിസ്ഥാൻ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും തിരികെ നൽകിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനുള്ള 2017 സാന്പത്തികവർഷത്തെ അമേരിക്കൻ പ്രതിരോധമന്ത്രാലയത്തിന്റെ 90 കോടി ഡോളർ സഖ്യസഹായ ഫണ്ടും (സിഎസ്എഫ്) മുൻവർഷങ്ങളിലെ ചെലവഴിക്കാത്ത ഫണ്ടുകളുമാണ് മരവിപ്പിച്ചത്. 2016 സാമ്പത്തിക വർഷം വിദേശ സൈനികഫണ്ടായി (എഫ്എംഎഫ്) അനുവദിച്ച 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായവും തടഞ്ഞുവച്ചിരുന്നു.