ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന വാദം ശക്തമാണ്. എന്നാൽ വിട്ടുകൊടുക്കാൻ ഇരുപക്ഷവും തയ്യാറല്ല. കശ്മീരിന്റെ പേരിൽ മാത്രം ഇതിനോടകം പതിനായിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്.

എന്നാൽ ഈ തർക്കത്തിൽ നിന്ന് പിന്മാറാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്‌മാനുമായ ഷാഹിദ് അഫ്രീദി. ലണ്ടനിൽ പത്രക്കാരോട് സംസാരിക്കുമ്പോഴാണ് കശ്മീരിന് വേണ്ടി ഇനിയും സംഘർഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതായി ഷാഹിദ് അഫ്രീദി വ്യക്തമാക്കിയത്.

“പാക്കിസ്ഥാന് കശ്‌മീർ ആവശ്യമില്ല. രാജ്യത്തിന് ഇപ്പോൾ കൈവശമുളള നാല് പ്രവിശ്യകൾ പോലും ശരിയായ വിധം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല,” അഫ്രീദി പറഞ്ഞു. “പാക്കിസ്ഥാനെ തീവ്രവാദികളിൽ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിർത്തുന്നതിലും ഭരണാധികാരികൾ പരാജയപ്പെട്ടു. കശ്മീരിൽ ആളുകൾ മരിച്ച് വീഴുകയാണ്, ഇത് വളരെയേറെ വേദനിപ്പിക്കുന്നു,” അഫ്രീദി കൂട്ടിച്ചേർത്തു.

എന്നാൽ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. “കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുത്. സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണം. ഇനിയും ആളുകൾ അവിടെ മരിക്കരുത്. മനുഷ്യത്വം നിലനിൽക്കട്ടെ,” അദ്ദേഹം തന്റെ മനസിലുളള മോഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം തുടർച്ചയായി പാക് സൈന്യം നടത്തിയ വെടിവയ്പിൽ മലയാളി സൈനികൻ കഴിഞ്ഞ ദിവസമാണ് വീരമൃത്യു വരിച്ചത്. എറണാകുളം മനക്കുന്നം സ്വദേശിയായ ആന്റണി സെബാസ്റ്റ്യനാണ് (34) പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൃഷ്ണ ഖാട്ടി സെക്ടറില്‍ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആന്റണി സെബാസ്റ്റ്യൻ. ഒപ്പമുണ്ടായിരുന്ന സൈനികൻ ഹവിൽദാർ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook