ശ്രീനഗർ: ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതിന് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ സംഭവം നിഷേധിച്ച് പാക് സൈന്യം രംഗത്ത്. മറ്റൊരു സൈനികനെ പാകിസ്താന്‍ അനാദരിക്കില്ലെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അത് ഇന്ത്യന്‍ സൈനികന്‍ ആണെങ്കില്‍ പോലും തങ്ങള്‍ അനാദരവ് കാണിക്കില്ലെന്ന് പാക് സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ മൃതദേഹങ്ങളാണ് പാക്ക് സൈന്യം വികൃതമാക്കിയത്. ഒരു ജവാന്റെ തല വെട്ടിമാറ്റിയതായാണ് വിവരം. അതേസമയം, സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
പാക്ക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജൂനിയർ കമ്മിഷണർ ഓഫിസർ നയിബ് സുബേദാർ പരംജീത് സിങ്ങിന്റെയും ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെയും മൃതദേഹങ്ങളാണ് വികൃതമാക്കിയത്. കഴിഞ്ഞ നവംബറിൽ കശ്മീർ താഴ്‌വരയിലെ മാചിൽ സെക്ടറിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്റെ മൃതദേഹവും പാക്ക് സൈന്യം വികൃതമാക്കിയിരുന്നു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി സെക്ടറിലെ നിയന്ത്രണരേഖയിൽ പെട്രോളിങ് നടത്തുകയായിരുന്ന ജവാന്മാർക്കുനേരെയാണ് പ്രകോപനമില്ലാതെ പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഇന്നു രാവിലെ 8.30 ഓടെ റോക്കറ്റും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ടു സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയു ചെയ്തു. പ്രദേശവാസികൾക്കും പരുക്കേറ്റതായാണ് വിവരം.