scorecardresearch
Latest News

‘പാകിസ്ഥാന്റെ ഇരുണ്ട കാലഘട്ടം അവസാനിച്ചു’: ഇമ്രാൻ ഖാനെ പുറത്താക്കിയത് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ

“പുതിയ ഭരണകൂടം പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടില്ല” എന്ന് പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നേരത്തെ തന്നെ പ്രഖ്യാപിച്ച പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) തലവൻ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു

Shehbaz Sharif, Maryam Nawaz
Photo: Shehbaz Sharif, Maryam Nawaz/Twitter

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാന മന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാൻ ഖാനെ പുറത്താക്കിയത് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ. ഇന്നലെ അർധരാത്രി നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ 342 അംഗ അസംബ്ലിയിലെ 174 അംഗങ്ങളും പിന്തുണച്ചതോടെയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനാൽ, പിഎംഎൽ-എൻ നേതാവ് അയാസ് സാദിഖിന് ചുമതല കൈമാറി അർദ്ധരാത്രി സുപ്രീംകോടതി പറഞ്ഞ സമയപരിധി 10 മിനിറ്റ് മുമ്പാണ് വോട്ടെടുപ്പ് നടന്നത്. പ്രമേയം പാസാക്കി പിരിഞ്ഞ സഭ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും ചേരും.

“പുതിയ ഭരണകൂടം പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടില്ല” എന്ന് പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നേരത്തെ തന്നെ പ്രഖ്യാപിച്ച പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) തലവൻ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു, “പാകിസ്ഥാൻ ഇപ്പോൾ വീണ്ടും സത്യസന്ധതയുടെയും നിയമസാധുതയുടെയും പാതയിലാണ്. ഞങ്ങൾ പ്രതികാരം ചെയ്യാതെ നിരപരാധികളായ ആരെയും ജയിലിലടക്കാത്ത ശോഭനമായ ഭാവിയിലേക്ക് നോക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി.

“യഥാസമയം” ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് ഷെരീഫ് ദി ഗാർഡിയനോട് പറഞ്ഞു. “ഇമ്രാൻ ഖാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് നന്ദി, രാജ്യം എല്ലാത്തരത്തിലും കുഴപ്പത്തിലാണ്. നിഷ്ക്രിയമായ ഭരണസംവിധാനം മുതൽ തകർന്ന സമ്പദ്‌വ്യവസ്ഥയും വിദേശനയ വെല്ലുവിളികളും ഉൾപ്പെടെയായി ആകെ പ്രശ്നത്തിലാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ “ഗുരുതരമായ ഒരു പ്രതിസന്ധിയിൽ നിന്ന് മോചിതരായി” എന്ന് അദ്ദേഹം തന്റെ ട്വിറ്ററിൽ ഉറുദുവിൽ കുറിച്ചു.

അവിശ്വാസ വോട്ടെടുപ്പിന് ശേഷം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും രംഗത്തെത്തി, ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കിയതിന് അദ്ദേഹം സഭയെ അഭിനന്ദിച്ചു. “കഴിഞ്ഞ മൂന്ന് വർഷമായി ജനാധിപത്യം ആക്രമിക്കപ്പെടുകയായിരുന്നു. പഴയ പാകിസ്ഥാനിലേക്ക് സ്വാഗതം,” അദ്ദേഹം പറഞ്ഞു, “പുതിയ പാകിസ്ഥാൻ” എന്ന ഇമ്രാൻ ഖാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കളിയാക്കിയ അദ്ദേഹം ജനാധിപത്യം ഒരു സുവർണ്ണ പ്രതികാരമാണെന്നും കൂട്ടിച്ചേർത്തു.

2017 ഓഗസ്റ്റ് മുതൽ ഒമ്പത് മാസം പ്രധാനമന്ത്രിയായിരുന്ന ഷാഹിദ് ഖാഖാൻ അബ്ബാസി, ഈ വോട്ടെടുപ്പ് “ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭൂതപൂർവമായ വിജയമാണ്” എന്ന് ഡിഡബ്ള്യുനോട് പറഞ്ഞു. ഇമ്രാൻ ഖാന്റെ ക്രൂരമായ ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരെ നിലകൊണ്ട നിയമവ്യവസ്ഥയ്ക്കും രാഷ്ട്രീയക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം അവസാനിച്ചെന്ന് പിഎംഎൽ(എൻ) വൈസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് പറഞ്ഞു. ഇമ്രാൻ ഖാൻ പാകിസ്ഥാന് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള ദുഷ്‌കരമായ യാത്രയിലേക്കാണ് രാജ്യം കടക്കുന്നതെന്ന് അവർ ട്വീറ്റിൽ കുറിച്ചു.

“ജനാധിപത്യവും ഭരണഘടനയും വിജയിച്ചിരിക്കുന്നു, ഫാസിസത്തിന്റെയും നിയമലംഘനത്തിന്റെയും ഇരുണ്ട യുഗം അതിന്റെ യുക്തിസഹമായ അന്ത്യത്തിലെത്തി” എന്ന് പിഎംഎൽ (എൻ) നേതാവ് ഇഷാഖ് ദാർ പറഞ്ഞു.

അതിനിടെ, ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിപ്പോയത് “മനോഹരമായാണ്, അദ്ദേഹം കുമ്പിട്ടില്ല” എന്ന് പിടിഐ സെനറ്റർ ഫൈസൽ ജാവേദ് ഖാൻ പറഞ്ഞു. ഇമ്രാൻ ഖാൻ വോട്ടെടുപ്പിന് മുൻപ് തന്നെ ഔദ്യോഗിക വസതിയിൽ നിന്ന് നിന്ന് ബനിഗലയിലെ വസതിയിലേക്ക് പോയതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: അവിശ്വാസപ്രമേയം പാസായി; ഇമ്രാൻ ഖാൻ പുറത്ത്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistans darkest period has ended opposition leaders welcome imran khans ouster as pm