ഇസ്‌ലാമാബാദ്: ഇറാനിൽനിന്നും കൂടുതൽ തീർഥാടകർ മടങ്ങിയെത്തിയതോടെ പാക്കിസ്ഥാനിൽ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയായി. രണ്ടു ദിവസം മുൻപ് 94 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെയോടെ ഇത് 204 കേസുകളായി ഉയർന്നെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡാറ്റ പറയുന്നു. ഇതിൽ 60 ശതമാനം പേരും ഇറാനിൽനിന്നും എത്തിയവരാണ്.

ഇറാനിൽനിന്നും മടങ്ങിയെത്തിയ തീർഥാടകരെ അതിർത്തിയിൽ വച്ച് കൃത്യമായ സ്ക്രീനിങ്ങിനു ഭരണകൂടം വിധേയമാക്കാത്തതാണ് വൈറസ് വ്യാപനത്തിനു കാരണമെന്ന് സിന്ധ്, ഖൈബർ പ്രവിശ്യയിലെ അധികൃതർ കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച വിമാനത്താവളത്തിൽ എത്തിയ മുഴുവൻ യാത്രക്കാരെയും സ്ക്രീനിങ്ങിന് വിധേയമാക്കുകയെന്നത് സാധ്യമായ കാര്യമായിരുന്നില്ലെന്ന് പാക്കിസ്ഥാൻ ആരോഗ്യ മന്ത്രി പറഞ്ഞു.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുതലുളളത്. ഇവിടെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും മാളുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്കൂളുകളും അടച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കറാച്ചിയിലെ ഒരു വിവാഹം അധികൃതർ തടഞ്ഞിരുന്നു.

Read Also: ഇന്ത്യയില്‍ കോവിഡ്-19 പകരുന്ന നിരക്ക് മറ്റു രാജ്യങ്ങളേക്കാൾ കുറവ്‌; കണക്കുകൾ ഇങ്ങനെ

ഇറാനുമായുള്ള 900 കിലോമീറ്റർ (560 മൈൽ) അതിർത്തി കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ മുദ്ര വച്ചിരുന്നു. ഇതിനുപുറമേ 3,000 ത്തോളം പേരെ താൽക്കാലിക കേന്ദ്രത്തിൽ 14 ദിവസം ക്വാറന്റീനിലേക്ക് മാറ്റി. പക്ഷേ ഇവിടെനിന്നും പോയതിനുശേഷമാണ് കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

കൂടുതൽ പോസ്റ്റീവ് കേസുകളും വിദേശയാത്ര നടത്തിയവരിൽ ആയതിനാൽ വിദേശത്തുനിന്നും മടങ്ങിയെത്തുന്നവർ സ്വയം ക്വാറന്റീൻ ചെയ്യണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 40-ൽ കൂടുതൽ ആളുകളുള്ള മതപരമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്റെ കിഴക്കൻ അതിർത്തിയിലുടനീളം, വിദേശത്തുള്ള 276 പൗരന്മാർക്ക് രോഗം പിടിപെട്ടതായി ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതിൽ കൂടുതൽ പേരും ഇറാൻ, യുഎഇ സന്ദർശിച്ചവരാണ്.

Read in English: Pakistan coronavirus cases double after pilgrims return from Iran

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook