/indian-express-malayalam/media/media_files/2026/01/20/air-space-2026-01-20-19-03-17.jpg)
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാകിസ്ഥാൻ നീട്ടി
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാൻ ഒരു മാസത്തേക്ക് കൂടി നീട്ടി. പാകിസ്ഥാൻ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച പുതിയ നോട്ടാം പ്രകാരം ഫെബ്രുവരി 24 പുലർച്ചെ 5:29 വരെയാണ് നിയന്ത്രണം തുടരുക. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യോമപാത തർക്കം പത്താം മാസത്തിലേക്ക് കടക്കുകയാണ്.
പാകിസ്ഥാന്റെ നടപടിക്ക് പിന്നാലെ, പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു മാസത്തെ കാലാവധിയിലാണ് ഇരുരാജ്യങ്ങളും വിലക്ക് നീട്ടിക്കൊണ്ടുപോകുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതാണ് വ്യോമപാത അടച്ചിടുന്നതിലേക്ക് നയിച്ചത്. ഏപ്രിൽ 24-നാണ് പാകിസ്ഥാൻ ആദ്യമായി ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് മറുപടിയായി ഏപ്രിൽ 30-ന് ഇന്ത്യയും പാകിസ്ഥാൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി.
ആരെയെല്ലാം ബാധിക്കും?
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ, ഇന്ത്യൻ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ലീസിനെടുത്തതോ ആയ വിമാനങ്ങൾ, സൈനിക വിമാനങ്ങൾ എന്നിവയ്ക്കാണ് പാകിസ്ഥാൻ വിലക്ക് ബാധകമാകുക. എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിലെ വിമാനക്കമ്പനികൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമപാതയിലൂടെ പറക്കുന്നതിന് തടസ്സമില്ല.
Also Read: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്
നിലവിലെ നിയന്ത്രണം മൂലം ഇന്ത്യൻ വിമാനക്കമ്പനികളുടെ എണ്ണൂറോളം പ്രതിവാര സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവും യാത്രാസമയവും വർധിപ്പിക്കുന്നുണ്ട്.
ജനുവരി 24-ന് നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് പാകിസ്ഥാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് സമാനമായി ഇന്ത്യയും വരും ദിവസങ്ങളിൽ നോട്ടാം പുറപ്പെടുവിച്ചേക്കും.
Read More:ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us