കുവൈത്ത്: പാക്കിസ്ഥാനടക്കം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ വിലക്കേർപ്പെടുത്തിയെന്ന കുവൈത്ത് ദിനപ്പത്രത്തിലെ വാർത്ത തള്ളി പാക് അംബാസിഡർ. അടിസ്ഥാനമില്ലാത്ത വാർത്തയാണ് ഇതെന്ന് ഗുലാം ദസ്തഗിർ കുവൈത്തിലെ ടെലിവിഷന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. സമാനമായ വാർത്ത 2011 ലും പ്രചരിച്ചിരുന്നു.

സ്‌പുട്നിക് ഇന്റർനാഷണൽ എന്ന പത്രത്തിലാണ് ഇറാൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിച്ചതായി വാർത്ത പുറത്തുവിട്ടത്. വ്യാപാര-വിനോദസഞ്ചാര വിസകളടക്കം എല്ലാ വിസയും വിലക്കിയെന്നായിരുന്നു വാർത്ത. ഭീകരവാദ ആക്രമണങ്ങളെ ഭയന്നാണ് നടപടിയെന്ന് സ്‌പുട്നിക് വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് അധികാരത്തിൽ വന്ന ശേഷം ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വാർത്ത കത്തിനിൽക്കുന്ന അതേ സമയത്താണ് കുവൈത്ത് ഏർപ്പെടുത്തിയ വിലക്കും പുറത്തുവരുന്നത്.

അമേരിക്കയക്ക് മുൻപ് തന്നെ ഭീകരവാദ പ്രവർത്തനങ്ങൾ കാരണമായി മറ്റൊരു രാജ്യത്തിന് വിലക്കേർപ്പെടുത്തിയത് കുവൈത്താണ്. 2015 ൽ സിറിയയിലെ ഷിയ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 27 കുവൈത്ത് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. ഈ സമയത്ത് തന്നെ സിറിയയിൽ നിന്നുള്ളവരെ കുവൈത്ത് വിലക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ