ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് പരിപാടി അവതരിപ്പിച്ച ടെലിവിഷന്‍ ചാനലിനെതിരെ പാക് ഇലക്ട്രോണിക് മീഡിയ നിയന്ത്രിത അതോറിറ്റി പിഴ ചുമത്തി. 1 മില്യണ്‍ പാക് റുപീസ് (ഏകദേശം 5 ലക്ഷം രൂപ) ആണ് സ്വകാര്യ ചാനലിനെതിരെ പിഴ ചുമത്തിയത്. ഇമ്രാന്‍ ഖാന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് ചാനല്‍ പരിപാടി അവതരിപ്പിച്ചത്.

ഭാര്യയായ ബുഷ്റ ബീബിയുമായുളള ഇമ്രാന്‍ ഖാന്റെ ബന്ധം വഷളായെന്ന് പറഞ്ഞായിരുന്നു ചാനല്‍ പരിപാടി അവതരിപ്പിച്ചത്. കൂടാതെ ഏഴ് ദിവസത്തിനകം ചാനല്‍ ക്ഷമാപണം നടത്തണമെന്നും പ്രൈംടൈംമില്‍ വ്യക്തമായ പ്രാധാന്യത്തോടെ ഈ ക്ഷമാപണം സംപ്രേഷണം ചെയ്യണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

പാക് മുന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ സജാം സേഥി അവതരിപ്പിച്ച പരിപാടിയിലാണ് ഇമ്രാന്‍ ഖാന്റെ ദാമ്പത്യജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. ചാനല്‍ 24 ന്യൂസില്‍ മാര്‍ച്ച് 30നായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. ഇമ്രാനും ഭാര്യയും തര്‍ക്കത്തിലാണെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ആയിരുന്നു പരിപാടിയില്‍ പറയുന്നത്. ഇമ്രാന്‍ ആദ്യ രണ്ട് വിവാഹങ്ങള്‍ പോലും ഇതും തകരുകയാണെന്നാണ് പരിപാടിയില്‍ സേഥി പറയുന്നത്. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ പരാതിപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook