ജമ്മു: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ യുവാവ് പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഇക്‌ലാഖ് (20) ആണ് മരിച്ചത്.
ജമ്മുവിലെ മാള്‍ട്ടി പ്രദേശത്തിനടുത്തു വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ പോയതായിരുന്നു ഇക്‌ലാഖ്. നിയന്ത്രണരേഖയ്ക്ക് സമീപമായുളള ഈ പ്രദേശത്ത് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യമിട്ട് വെടിവയ്‌പ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവയ്‌പ് തുടങ്ങിയതെന്ന് പൊലീസ് ഓഫിസർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക് സൈന്യത്തിന്റെ വെടിയേറ്റാണ് ഇക്‌ലാഖ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇക്‌ലാഖ് സംഭവസ്ഥലത്തുതന്നെ മരിച്ചതായും പൊലീസ് ഓഫിസർ പറഞ്ഞു.
പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഈ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിർക്കുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വെടിവയ്‌പിൽ രാജൗരി ജില്ലയിലെ സ്കൂളില്‍നിന്നു വിദ്യാര്‍ഥികളെ ബുള്ളറ്റ് പ്രൂഫ് മൊബൈല്‍ ബങ്കര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.