ന്യൂഡല്‍ഹി: കെനിയയില്‍ ഒളിവില്‍ താമസിച്ചിരുന്ന മുതിര്‍ന്ന പാക്കിസ്ഥാന്‍ മാധ്യപ്രവര്‍ത്തകനായ അര്‍ഷാദ് ഷെരീഫിനെ അബദ്ധത്തില്‍ കൊലപ്പെടുത്തി പൊലീസ്. നെയ്റോബിക്ക് സമീപമാണ് സംഭവം. കാര്‍ അമിതവേഗതയില്‍ പാഞ്ഞതോടെയൊണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് വെടിവച്ചത്. സംഭവത്തില്‍ പൊലീസ് ഖേദം പ്രകടിപ്പിച്ചു.
പാക്കിസ്ഥാനിലെ സൈന്യത്തെ വിമര്‍ശച്ചതിന്റെ പേരില്‍ ഉണ്ടാകാനിടയുള്ള അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് അര്‍ഷാദ് രാജ്യവിട്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു അര്‍ഷാദ് രാജ്യം വിട്ടത്. മാധ്യമ സ്വാതന്ത്ര്യത്തിൽ താൻ വിശ്വസിക്കുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സർക്കാരിന്റെ വിമർശകൻ കൂടിയായിരുന്നു അര്‍ഷാദ്.
ഷെഹ്ബാസ് ഷെരീഫ് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുമായി സംസാരിക്കുകയും അര്‍ഷാദിന്റെ കൊലപാതകത്തിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ഞായറാഴ്‌ച രാത്രി സഹോദരൻ ഖുറം അഹമ്മദിനൊപ്പം സഞ്ചരിക്കവെയാണ് അര്‍ഷാദ് കൊല്ലപ്പെട്ടതെന്ന് നൈറോബി പൊലീസ് അറിയിച്ചു. മഗഡിയില്‍ നിന്ന് കെനിയയുടെ തലസ്ഥാനത്തേക്ക് പോവുകയായിരുന്നു ഇരുവരും.
വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്ഥാപിച്ചിരുന്ന റോഡ് ബ്ലോക്ക് മറികടന്ന് അമിതവേഗതയില്‍ കാര്‍ പോവുകയായിരുന്നു. ഇരുവരും കാര്‍ നിര്‍ത്താന്‍ തയാറായില്ലെന്നും യാത്ര തുടരുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാര്‍ മറിയുകയും ചെയ്തു. അര്‍ഷാദിന്റെ മരണം ഭാര്യ സ്ഥിരീകരിച്ചു. സഹോദരന്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തതയില്ല.