ഇസ്ലാമാബാദ്: ആഗോളഭീകര പട്ടികയിലെ ഭീകരനും അല്‍-ഖ്വദ തലവനുമായ അയ്മന്‍ അല്‍ സവാഹിരി പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയാണ് ഭീകരനേതാവിന് സുരക്ഷയൊരുക്കുന്നതെന്നും അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വാസയോഗ്യമായ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് സവാഹിരി കറാച്ചിയിലുണ്ടെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സവാഹിരി കറാച്ചിയില്‍ ഉള്ളതായി ഉറപ്പിക്കാന്‍ കവിയില്ലെന്ന് സിഐഎ ഉദ്യോഗസ്ഥനായ ബ്രൂസ് റിഡേല്‍ പറഞ്ഞു. എന്നാല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് സവാഹിരി കറാച്ചിയില്‍ ആകാന്‍ സാധ്യതയുണ്ടെന്നും ബ്രൂസ് പറയുന്നു.
സവാഹിരിക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ യോജിച്ച ഇടം കറാച്ചി തന്നെയാണ്. കറാച്ചിയില്‍ കഴിയുന്ന തന്നെ തൊടാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന വിശ്വാസം സവാഹിരിക്ക് ഉണ്ടാകാം. കറാച്ചി ഭീകരനേതാവിന് ഒളിച്ചിരിക്കാന്‍ പറ്റിയ ഇടമാണെന്നും ബ്രൂസ് വ്യക്തമാക്കി.
66കാരനായ സവാഹിരി നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ സവാഹിരിയ്ക്ക് സുരക്ഷ ഒരുക്കിയ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു മുറിയില്‍ ഉണ്ടായിരുന്ന സവാഹിരി അന്ന് രക്ഷപ്പെടുകയായിരുന്നു.