ന്യൂഡൽഹി: രാജ്യത്ത് ജനങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കേന്ദ്രമന്ത്രിയാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. ഏതാവശ്യത്തിനും ഒരു ട്വീറ്റിന് അപ്പുറം സഹായവുമായി നിൽക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എന്നാൽ ഇത്തവണ സുഷമയുടെ കൈയ്യെത്തിയത് ഇന്ത്യാക്കാരനെ സഹായിക്കാനല്ല. മറിച്ച് ശത്രുരാജ്യമായ പാക്കിസ്ഥാനിക്കാണ്.

മൂന്ന് മാസം മാത്രം പ്രായമുള്ള മകൻ റൂഹന് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനാണ് പാക്കിസ്ഥാനി സ്വദേശിയായ കെൻ സിദ് ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ സഹായം തേടിയത്. “കുഞ്ഞ് ഒരിക്കലും ബുദ്ധിമുട്ടരുത്” എന്ന മറുപടി നൽകിയ സുഷമ, വേഗത്തിൽ വിസ ലഭ്യമാക്കുമെന്ന് ഉറപ്പും നൽകി.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇന്ന് ഉച്ചയോടെ കെൻ സിദിന് വിസ ഒരാഴ്ചയ്ക്കകം അനുവദിക്കുകയും ചെയ്തു.

മെയ് 23 ന് മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യക്കാർക്ക് അപകടം പറ്റിയില്ലെന്ന കാര്യം സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കെൻ സിദ് തന്റെ ആവശ്യം സുഷമ സ്വരാജിനോട് പറഞ്ഞത്.

ആഴ്ചകളായി വിസയ്ക്ക് വേണ്ടി പരിശ്രമിക്കുകയാണെന്നും, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാത്ത കുഞ്ഞിനാണ് വിസ നിഷേധിക്കുന്നതെന്നുമാണ് കെൻ സിദ് ട്വിറ്ററിൽ കുറിച്ചത്. നിരവധി ഇന്ത്യാക്കാർ ട്വീറ്റിന് പിന്തുണ നൽകിയതിന് പിന്നാലെ കുഞ്ഞ് ഒരിക്കലും ബുദ്ധിമുട്ടില്ലെന്നും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ബന്ധപ്പെടൂ എന്നും സുഷമ മറുപടി നൽകി.

വളരെയധികം വ്യത്യാസങ്ങളുള്ളപ്പോഴും ഈ സഹായം ഹൃദയംകൊണ്ട് സ്വീകരിക്കുന്നുവെന്നാണ് കെൻ വിസ ലഭിച്ച ശേഷം പ്രതികരിച്ചത്.

പാക്കിസ്ഥാനിലെ ആതുരാലയങ്ങൾ കുറവായതിനാൽ മികച്ച ചികിത്സയ്ക്ക് പലപ്പോഴും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. 2015 ലും അഞ്ച് വയസ്സുകാരി ബസ്മയ്ക്ക് ഇന്ത്യയിൽ ചികിത്സിക്കാൻ വിസ ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ