/indian-express-malayalam/media/media_files/VfoE7EXxYkFOs78HoC1x.jpg)
പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ മത്സ്യത്തൊഴിലാളി ഒറ്റരാത്രികൊണ്ട് കോടീശ്വരനായി. താനും സഹജോലിക്കാരും കൂടി പിടിച്ച മീൻ വിറ്റാണ് കോടീശ്വരനായത്. നാടോടിക്കഥകളിലെ ഭാവനയല്ല, മീൻ പോലെ പിടയ്ക്കുന്ന യാഥാർത്ഥ്യമാണ് ഈ സംഭവം.
ധാരാളം ഔഷധഗുണങ്ങളുള്ള അപൂർവ മത്സ്യം ലേലം ചെയ്തു.
ദരിദ്രമായ ഇബ്രാഹിം ഹൈദരി എന്ന മത്സ്യബന്ധന ഗ്രാമത്തിൽ താമസിക്കുന്ന ഹാജി ബലോച്ചും തൊഴിലാളികളെയും തേടി ഭാഗ്യമെത്തിയത് തിങ്കളാഴ്ചയായിരുന്നു. ഭാഗ്യം മീനിന്റെ രൂപത്തിലാണ് ബലോച്ചിന്റെയും സഹ തൊഴിലാളികളുടെയും വലയിൽ കുടുങ്ങിയത്. പ്രാദേശിക ഭാഷയിൽ “സോവ” എന്നറിയപ്പെടുന്ന ഗോൾഡൻ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യം ഇവരുടെ വലയിൽ കയറി.
"വെള്ളിയാഴ്ച രാവിലെ കറാച്ചി തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ അവരുടെ മീൻ ലേലം ചെയ്തപ്പോൾ മുഴുവൻ മത്സ്യവും ഏഴ് കോടി രൂപയ്ക്ക് വിറ്റു," പാകിസ്ഥാൻ ഫിഷർമെൻ ഫോക്ക് ഫോറത്തിലെ മുബാറക് ഖാൻ പറഞ്ഞു.
സോവ മത്സ്യം വിലമതിക്കാനാകാത്തതും അമൂല്യവും അപൂർവവുമായി കണക്കാക്കപ്പെടുന്നു, കാരണം അതിന്റെ വയറ്റിൽ നിന്നുള്ള പദാർത്ഥങ്ങൾക്ക് മികച്ച രോഗശാന്തിയും ഔഷധ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യത്തിൽ നിന്നുള്ള ഒരു നൂൽ പോലെയുള്ള പദാർത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കുന്നു.
പ്രജനനകാലത്ത് മാത്രമാണ് ഈ മത്സ്യം തീരത്ത് എത്തുന്നത്.
ഒരു മത്സ്യത്തിന് ലേലത്തിൽ ഏകദേശം ഏഴുപത് ലക്ഷം രൂപ ലഭിക്കുമെന്ന് ബലോച്ച് പറഞ്ഞു.
പലപ്പോഴും 20 മുതൽ 40 കിലോ വരെ ഭാരവും 1.5 മീറ്റർ വരെ വളരാൻ കഴിയുന്നതുമായ മത്സ്യത്തിന് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്.
ഏറ്റവും പ്രധാനമായി, സോവയ്ക്ക് സാംസ്കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട്. പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകരീതിയിലും അത് ഉപയോഗിക്കുന്നു.
“ഞങ്ങൾ കറാച്ചിയിലെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു… ഈ വലിയ സ്വർണ്ണ മത്സ്യ ശേഖരം കണ്ടപ്പോൾ, അത് ഞങ്ങൾക്ക് വീണുകിട്ടിയ ഭാഗ്യമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്ന് ഹാജി ബലോച് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.