ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പാക്കിസ്ഥാനില്‍ ഭീകരര്‍ വധിക്കാന്‍ ഹിറ്റ്‍ലിസ്റ്റ് തയ്യാറാക്കിയവരുടെ പട്ടിക പുറത്തുവിട്ടു. ഭീകരരുടെ കുടുംബാംഗങ്ങള്‍ പോലും പട്ടികയില്‍ ഇടംനേടിയിട്ടുണ്ടെന്നാണ് ദേശീയ ഭീകരവാദ വിരുദ്ധ അതോറിറ്റി (നാക്റ്റ) പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നാക്റ്റ സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന തല്‍ഹ സയീദിന്റെ പേരും ഭീകരരുടെ വധഭീഷണി ഉള്ളവരുടെ പട്ടികയിലുണ്ട്. ഭീകരനേതാവ് ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ സയീദ്.

പാക്കിസ്ഥാന്‍ തെഹരീക്-ഇ- ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍, അവാമി നാഷണല്‍ പാര്‍ട്ടി നേതാവ് അസ്ഫന്ദാര്‍ വാലി ഖാന്‍, അമീര്‍ ഹൈദര്‍ ഹോതി എന്നിവരും ഭീകരരുടെ ഭീഷണിയുളള പട്ടികയിലുണ്ട്. ജമാഅത്ത്-ഉദ്-ദവ നേതാവ് ഹാഫിസ് സയീദ് നേരത്തേ മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. ഇതിന് പിന്നാലെ പ്രാദേശിക പാര്‍ട്ടിയായ അല്ലാഹു അക്ബര്‍ തെഹ്‍രീക് (എഎടി) എന്ന പാര്‍ട്ടിയുടെ മറയിലാണ് തല്‍ഹ സയീദ് മത്സരിക്കുന്നത്.

തല്‍ഹയെ കൂടാതെ ഹാഫിസ് സയീദിന്റെ മരുമകനായ ഹാഫിസ് ഖാലിദും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ചാവേറാക്രമണം, ഐഇഡി പൊട്ടിത്തെറി എന്നിവയാണ് സാധ്യതയുളള ആക്രമണങ്ങളെന്ന് നാക്റ്റ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുംബൈയില്‍ അടക്കം നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ ആളാണ് ഹാഫിസ് സയീദ്. അദ്ദേഹത്തിന്റെ മകന് തന്നെയാണ് ഭീകരരുടെ ഭീഷണി എന്നതും ശ്രദ്ധേയമാണ്. ഹാഫിസ് സയീദിന്റെ തലയ്ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാക് സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ