ഇസ്ലാമാബാദ്: സ്വാശ്രയ കോളേജുകളിലെ ഇടിമുറികളെക്കുറിച്ച് അടുത്തകാലത്തായി ധാരാളം നമ്മള്‍ കേട്ടുകഴിഞ്ഞു. ‘അച്ചടക്ക ലംഘന’ത്തിന് വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്ന ഇടം. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, അങ്ങു പാക്കിസ്ഥാനിലെ കോളേജുകളിലുമുണ്ട് ഇത്തരം ഇടിമുറികള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എതിര്‍ലിംഗത്തില്‍ പെട്ട സഹപാഠികളോട് സംസാരിക്കുന്നതിന്റെ പേരിലാണ് പാക്കിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്ക് ശിക്ഷ നല്‍കുന്നത്. ഇടിമുറികള്‍ കൂടാതെ പിഴയും ചുമത്തുന്നുണ്ട് എന്നതിന് തെളിവാണ് മാനോഫ്‌ളാഗന്‍ എന്ന സോഷ്യല്‍ മീഡിയ യൂസര്‍നെയിമില്‍ നിന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത 2000 രൂപ പിഴയടച്ചതിന്റെ റെസീപ്റ്റ്. എം. ഇസ്ലാം മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജിലാണ് സംഭവം നടന്നത്.

ക്ലാസിനു പുറത്തു ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം നിന്നു സംസാരിച്ച ആണ്‍കുട്ടിയുടേത് ‘അച്ചടക്കലംഘന’മാണെന്നാണ് കോളേജ് അധികൃതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 29 എന്ന തിയതി രേഖപ്പെടുത്തിയ റെസീപ്റ്റിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനു പുറമെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലുപയോഗിച്ച് തകര്‍ത്ത ഫോണുകളുടേതാണ് വീഡിയോ. ഷുമൈല്‍ എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാഹോറിലെ ഒരു മെഡിക്കല്‍ കോളേജിലാണ് ഇത് നടന്നിരിക്കുന്നത്. ഇതിനു പുറമെ കോളേജിലെ ഡീന്‍ ഒരു യഥാര്‍ത്ഥ മനോരോഗിയാണെന്ന് ആരോപിച്ചും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ