രജൗരി: നൗഷേര സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ 14 വയസുകാരിയടക്കം രണ്ടു സിവിലിയന്മാർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ​ചെയ്​തു. രജൗരി മേഖലയിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു.

ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. തുഫൈല്‍ ഹുസൈന്‍ (50), ആഫിയ (14) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുഫൈലിന്റെ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. ജംഘാറില്‍ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു ഇവരുടെ മേല്‍ ഷെല്‍ വന്ന് പതിക്കുകയായിരുന്നു. ബാബ ഖോരി, കാല്‍സിയാന്‍, മക്രി, തര്യ, എന്നിവിടങ്ങളില്‍ മോട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക് ആക്രമണം തുടരുകയാണ്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതെന്നും ആക്രമണത്തെ തുടർന്നു രാജോരിയിലെ സ്കൂളുകൾ അടച്ചുവെന്നും അധികൃതർ അറിയിച്ചു. നൗഷേര, ക്യൂലാ ദർഹൽ, മാൻജാകോട്ട എന്നിവിടങ്ങളിലെ സ്​കൂളുകളാണ്​ അടച്ചിടുന്നത്​. പ്രദേശത്തെ ചെറുഗ്രാമങ്ങളിൽനിന്നു 1200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുവാൻ പദ്ധതിയിടുന്നതായും സൈന്യം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook