ദില്ലി: മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ആര് സഹായം അഭ്യര്‍ത്ഥിച്ചാലും സുഷമാജി അത് കൈക്കൊള്ളും. സഹായം വാഗ്ദാനം ചെയ്ത് അത് ഉറപ്പുവരുത്തും.

തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും എത്രയും വേഗം അത് ലഭ്യമാക്കാന്‍ സുഷമ ശ്രമിക്കാറുണ്ട്. അതിന് ഇന്ത്യക്കാരെന്നോ പാകിസ്താന്‍കാരെന്നോ വ്യത്യാസമില്ല. പാര്‍ട്ടിഭേദവും കാണിക്കാറില്ല.

ഏറ്റവും ഒടുവിലായി ഒരു പാകിസ്താനി യുവതി സുഷമയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അഭ്യര്‍ത്ഥന സ്വീകരിച്ച മന്ത്രി ഉടനടി സഹായം വാഗ്ദാനം ചെയ്തു. കാന്‍സര്‍ രോഗിയായ ഫൈസ തന്‍വീര്‍ എന്ന യുവതിയാണ് മന്ത്രിയോട് മെഡിക്കല്‍ വിസ നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി അതിന് മറുപടിയും നല്‍കി.

മന്ത്രിയെ അമ്മ എന്ന് വിളിച്ചാണ് ഫൈസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മാം നിങ്ങള്‍ എനിക്ക് അമ്മയെ പോലെയാണ്. ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വേളയില്‍ എനിക്ക് ദയവായി മെഡിക്കല്‍ വിസ അനുവദിക്കൂ. എന്നെ സഹായിക്കൂ’ ഇതായിരുന്നു ഫൈസയുടെ ട്വീറ്റ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് ആശംസകളറിയിച്ചതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചികിത്സക്കായി വിസ അനുവദിക്കുന്നുവെന്നുമായിരുന്നു ഇതിന് മന്ത്രി നൽകിയ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ