ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ഗായികയും അഭിനേത്രിയുമായ രേഷ്മ വെടിയേറ്റു കൊല്ലപ്പെട്ടു. ഭര്‍ത്താവാണ് രേഷ്മയുടെ കൊലപാതകത്തിനു പിന്നില്‍ എന്ന് പൊലീസ് സംശയിക്കുന്നു.
ജിയോ ടിവി റിപ്പോര്‍ട്ട് പ്രകാരം ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഹക്കീമാബാദില്‍ സഹോദരനൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്.
കുടുംബ കലഹത്തെ തുടര്‍ന്ന്, വീട്ടില്‍ പ്രവേശിച്ച ഭര്‍ത്താവ് രേഷ്മയ്ക്കു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ കലാകാരികള്‍ക്കു നേരെയുള്ള ആക്രമണത്തിന്റെ തുടര്‍ച്ചയാണ് രേഷ്മയുടെ കൊലപാതകം. ഈ വര്‍ഷം 15-ാമത്തെ കേസാണ് ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് നാടക നടിയായ സുന്‍ബുലും കൊല്ലപ്പെട്ടിരുന്നു.