ഇസ്‌ലാമാബാദ്: കശ്മീരിൽ സുൻജ്വാൻ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പാക് സൈന്യത്തിന് പങ്കില്ലെന്നും അതിനാൽ അതിർത്തി കടന്നുളള ആക്രമണത്തിന് ഇന്ത്യ മുതിരരുതെന്നും പാക്കിസ്ഥാൻ. ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനിൽ വേരുകളുളള ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്ന് സംശയിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

വിശദമായ അന്വേഷണം നടത്താതെയാണ് സംഭവത്തിന് പിന്നിൽ പാക്കിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തുന്നത്. ഇത് ശരിയല്ല. അതിർത്തി കടന്ന് ആക്രമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇതിൽ നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

ശനിയാഴ്ച പുലർച്ചെയാണ് സുൻജ്വാൻ സൈനിക ക്യാംപിന് പുറകുവശത്തെ സൈനിക ക്വാർട്ടേഴ്സിലേക്ക് ഭീകരർ നുഴഞ്ഞുകയറിയത്. ഇവിടെയുണ്ടായ ആക്രമണത്തിൽ പിന്നീട് അഞ്ച് സൈനികരും ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടു. ഒരു ഗർഭിണിയടക്കം സൈനികരുടെ ബന്ധുക്കളായ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ ഗർഭിണി പിന്നീട് ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ഉറി സൈനിക ക്യാംപിന് നേരെ 2016 ൽ നടന്ന ആക്രമണത്തിന് പിന്നാലെ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ച ഇന്ത്യൻ സൈന്യം ഇവിടെ അതിരൂക്ഷമായ ആക്രമണം ആണ് നടത്തിയത്. ഇത്തരത്തിലുളള ആക്രമണം വീണ്ടും നടന്നേക്കാനുളള സാഹചര്യം മുന്നിൽ കണ്ടാണ് പാക്കിസ്ഥാൻ തങ്ങൾക്ക് സംഭവത്തിൽ പങ്കില്ലെന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നത്.

ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ സുൻജ്വാൻ സൈനിക ക്യാംപ് ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ അഭ്യർത്ഥന. അതേസമയം സുൻജ്വാൻ സൈനിക ക്യാംപ് ആക്രമിച്ച നാല് ഭീകരരെ 30 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സൈന്യം കീഴ്‌പ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ