ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം ഇന്ന് രാവിലെ മുതൽ ആക്രമണം തുടങ്ങി. ചെറുപീരങ്കികൾക്ക് പുറമേ രൂക്ഷമായ ഷെല്ലാക്രമണവും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇതോടെ ഇന്ത്യൻ സൈന്യവും ആക്രമണം തുടങ്ങി.

രാവിലെ 6.20 ഓടെയാണ് പൂഞ്ച് സെക്ടറിലെ കൃഷ്ണ ഗാട്ടി സെക്ടറിൽ ആക്രമണം ഉണ്ടായത്. ഇരുപക്ഷത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. കൃഷ്ണഗാട്ടിയിലെ ജനവാസ പ്രദേശത്ത് രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക് സൈന്യം ആക്രമണം നടത്തുന്നത്.

പൂഞ്ച് സെക്ടറിന് പുറമേ, കാശ്മീരിലെ രജൗരി, സാംബ സെക്ടറുകളിലും ജനവാസ പ്രദേശങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ തുടർ ആക്രമണങ്ങൾ നടത്തുന്നുണ്ട്. പാക് സൈന്യത്തിന് പുറമേ അതിർത്തിയിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ശ്രമിക്കുന്നുണ്ട്.

ഈ വർഷം മാത്രം ഭീകരർ നടത്തിയ 22 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നും 38 ഭീകരരെ വധിച്ചെന്നും ഇന്ത്യൻ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അതിർത്തിയിൽ നാലിടത്തായി നടന്ന ആക്രമണങ്ങളിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

മുതിർന്ന പട്ടാള ഉദ്യോഗസ്ഥനാണ് വാർത്ത ഏജൻസിയായ പിടിഐക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. റംസാൻ മാസത്തിൽ ജമ്മു കാശ്മീരിലെ സമാധാനം തകർക്കാനുള്ള പാക്കിസ്ഥാൻ പട്ടാളത്തിന്റെയും ശ്രമമാണ് അതിർത്തിയിൽ തുടർച്ചയായ ആക്രമണങ്ങൾക്ക് കാരണമാകുന്നത്.

മുൻവർഷങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണമാണ് ഭീകരരിൽ നിന്ന് നേരിട്ടത്. 2015 ൽ 28 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യത്തിന് പരാജയപ്പെടുത്താൻ സാധിച്ചത്. എന്നാൽ 2016 ൽ കൂടുതൽ ആക്രമണം കാശ്മീർ അതിർത്തിയിൽ നടന്നു. അതിർത്തിയിൽ ആകെ 88 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആണ് കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിച്ചത്.

2015 ലും 2016 ലുമായി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച് 116 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നത്. 2016 ൽ മാത്രം 88 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2016 ൽ 59 ഭീകരരെയാണ് പാക് അതിർത്തിയിലെ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook