ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ രണ്ടിടത്ത് പാക്കിസ്ഥാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചു. രജൗരി, പൂഞ്ച് എന്നീ ജില്ലകളിൽ ചെറുപീരങ്കി ഉപയോഗിച്ചാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർത്തത്. ഇതോടെ ഇന്ത്യൻ സേനയും പ്രത്യാക്രമണം തുടങ്ങിയിട്ടുണ്ട്.

രജൗരി ജില്ലയിലെ നൗഷര സെക്ടറിലാണ് രാവിലെ 7.30 ഓടെയാണ് ആദ്യ ആക്രമണം നടന്നത്. ചെറുപീരങ്കി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം ഇന്ത്യൻ പോസ്റ്റിന് നേരെ പാക് സൈനികർ തുടർച്ചയായി വെടിയുതിർത്തു.

പൂഞ്ചിലെ കൃഷ്ണഗാതി സെക്ടറിലെ അതിർത്തിയിലും ഏതാണ്ട് 7.40 ഓടെ പാക് സൈന്യം ആക്രമണം തുടങ്ങി. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ, ഇവിടെ ആക്രമണം തുടരുകയാണ്.

മേഖലയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നത് 12000 ലധികം ആളുകളുടെ സമാധാന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതിർത്തി ജില്ലകളിലെ ജനവാസ മേഖലകളിലേക്കാണ് പാക്കിസ്ഥാൻ സൈന്യം പ്രധാനമായി ആക്രമണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ