ശ്രീനഗർ: ജമ്മു കാശ്മീരിലെ പാക് അതിർത്തി പ്രദേശമായ പൂഞ്ച് സെക്ടറിൽ വീണ്ടും വെടിനിർത്തൽ കരാറിന്റെ ലംഘനം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇന്ന് ഉച്ചയോടെയാണ് വെടിവയ്പ് ഉണ്ടായത്. ഓട്ടോമാറ്റിക് തോക്കുകളും, ചെറുമിസൈലുകളും പീരങ്കികളും ഉപയോഗിച്ചാണ് ആക്രമണം ആരംഭിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരെയാണ് സൈന്യം നിരായുധരാക്കിയത്. കുപ്‌വാര ജില്ലയിലെ കരാൻ സെക്ടറിലായിരുന്നു ആക്രമണം.

പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. ഇന്നലെ പൂഞ്ച് സെക്ടറിലെ ഖാരി കർമാര വില്ലേജിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

അതേസമയം ഇന്ന് രാവിലെ ജമ്മു കാശ്മീരിനെ ഇന്ത്യ സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്ന ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസിൻ മാലിക് പിടിയിലായിരുന്നു. ശ്രീനഗറിൽ മോസിമ വില്ലേജിലെ വീട്ടിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇക്കാര്യം പിന്നീട് ജമ്മു കാശ്മീർ പൊലീസ് വക്താവ് സ്ഥിരീകരിച്ചു.

ഹുറിയത്ത് നേതാക്കളായ സയിദ് അലി ഗിലാനി, മിർവയിസ് ഉമർ ഫറൂഖ് എന്നിവർക്കൊപ്പം കാശ്മീർ താഴ്വരകളിൽ ശക്തമായ വിഘടനവാദം പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് യാസിൻ മാലികിനുള്ളത്. മൂവരും യോജിച്ച് ഈ ഭാഗങ്ങളിൽ പ്രചാരണം നടത്തിയതായി പൊലീസ് റിപ്പോർട്ടുണ്ട്.

ഒരു വർഷത്തോളമായി ഇയാൾക്ക് വേണ്ടി പൊലീസ് ശക്തമായ തിരച്ചിലിലായിരുന്നു. സൈന്യവും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാസിൻ മാലിക് പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ