ജമ്മു: ശനിയാഴ്ച നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മാങ്കോട്ട് മേഖലയിലാണ് സംഭവം. പ്രകോപനങ്ങളൊന്നും ഇല്ലാതെയായിരുന്നു പാക് സൈനികര്‍ ചെറു ആയുധങ്ങളും മോര്‍ട്ടര്‍ ഷെല്ലുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഏകദേശം എല്ലാ ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്.

ഉച്ചയ്ക്ക് ഒരുമണിവരെ ശക്തമായ വെടിവയ്പായിരുന്നുവെന്നാണ് അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പിന്നീട് ഇതിന്റെ തീവ്രത കുറഞ്ഞെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ വെടിവയ്പ് തുടര്‍ന്നു. മോര്‍ട്ടര്‍ ഷെല്ലുകള്‍ വയലുകളില്‍ പതിച്ചതിനാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് കാര്യമായ പരുക്കുകളോ നാശനഷ്ടങ്ങളോ സംഭവിച്ചില്ല. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കൂടാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് സൈന്യം വെടിവച്ചിടുകയും ചെയ്തു. സാംബ സെക്ടറിലെ ചാക് ഫാകിറയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക് പൗരന്റെ കാലിനും കൈയ്ക്കും ബിഎസ്എഫിന്റെ വെടിയേറ്റു.

അതേസമയം, ശ്രീനഗറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ ഭടന്‍മാര്‍ക്ക് പരുക്കേറ്റു. ഖാന്‍മോ മേഖലയിലാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ഗൗരവമായ പദ്ധതികളായിരുന്ന കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ഉണ്ടായിരുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ഈ ആഴ്ച കശ്മീരില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ 11 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook