ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച് രാജ്യാന്തര നീതിന്യായ കോടതി. വിയന്ന കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചെന്ന് കോടതി അധ്യക്ഷന്‍ ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാനു വിമര്‍ശനം. പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യാന്തര കോടതി പറഞ്ഞു. ജൂലൈയില്‍ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിച്ചെന്നും ജസ്റ്റിസ് യൂസഫ് പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയുണ്ട്.
Read Also: ഇടതുപക്ഷവാദിയായ തന്നെ തുര്‍ക്കിവിരുദ്ധനായി ചിത്രീകരിച്ചു: ഓര്‍ഹാന്‍ പാമുക്
നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അവസരം വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം പാക്കിസ്ഥാന്‍ തള്ളുകയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നേരത്തെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ കോടതി നിർദേശിക്കുകയായിരുന്നു. പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കാനും നിർദേശം നൽകി.
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിലെ വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.