ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ശക്തമായവിമർശനങ്ങൾക്ക് മറുപടി നൽകാൻ പാക് യുഎൻ സെക്രട്ടറി തെറ്റായ ചിത്രങ്ങൾ ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ ഉയർത്തിക്കാട്ടി. കാശ്മീരിൽ ഇന്ത്യ നടത്തിയ പെല്ലറ്റാക്രമണത്തിന്റെ ഫോട്ടോയെന്ന പേരിൽ ഗാസയിലെ ചിത്രമാണ് പാക് സെക്രട്ടറി ഉയർത്തിക്കാട്ടിയത്.

ഭീകരവാദത്തിന്റെ ഫാക്ടറി എന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമർശനത്തിന് ഐക്യരാഷ്ട്രസഭയിൽ മറുപടി നൽകുന്നതിനിടെയാണ് പാക് സെക്രട്ടറി മലീഹാ ലോധി വമ്പൻ അബദ്ധം കാട്ടിയത്. മുഖത്താകെ പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രം ഗാസയിലേതെന്ന് തെളിഞ്ഞതോടെ പാക്കിസ്ഥാന് ഇത് വലിയ നാണക്കേടായി.

കാശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും, കുട്ടികൾ മുതൽ പ്രായമായവർ വരെ സ്ത്രീ പുരുഷ ഭേദമില്ലാതെ ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് ലോധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്. മുഖത്ത് പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രം ഉയർത്തിക്കാട്ടിയ ലോധി ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമെന്ന് വിമർശിക്കുകയും ചെയ്തു.

2014 ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17 കാരിയുടെ ചിത്രമാണ് മലീഹാ ഉയര്‍ത്തിക്കാട്ടിയതെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെയാണ് പാക്കിസ്ഥാൻ പ്രതിരോധത്തിലായത്.

രണ്ടു ദിവസമായി ഇന്ത്യ യുഎൻ പൊതുസഭയിൽ കടുത്ത ആക്രമണമാണ് പാക്കിസ്ഥാനെതിരെ നടത്തുന്നത്. പാക് പ്രധാനമന്ത്രിക്കെതിരെ യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി മറുപടി നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ ഫാക്ടറിയാണെന്ന് വിമർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ