ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍. നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിനാണ് വ്യോമപാതയ്ക്ക് അനുമതി തേടിയത്. എന്നാല്‍, അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ അറിയിച്ചു. നാളെയാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. നേരത്തെ യുഎസ് സന്ദര്‍ശന വേളയിലും പാക്കിസ്ഥാന്‍ നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ രേഖാമൂലമാണ് പാക്കിസ്ഥാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read Also: അടച്ചുപൂട്ടൽ ഭീഷണിയിൽനിന്ന് അസൂയാർഹമായ നേട്ടങ്ങളിലേക്ക്; ഇതൊരു സർക്കാർ സ്കൂളിന്റെ വിജയഗാഥ

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോകാന്‍ വ്യോമപാത അനുവദിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുമതി നിഷേധിക്കുകയായിരുന്നു.

നേരത്തെ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. വിദേശപര്യടനത്തിനായി പോകുന്ന രാഷ്ട്രപതിക്ക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യൻ ആവശ്യം പാക്കിസ്ഥാൻ തള്ളി. ത്രിരാഷ്ട്ര സന്ദർശനത്തിന് രാഷ്ട്രപതി പോകുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയത്.

Read Also: കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള കുപ്പത്തൊട്ടിയല്ല മിസോറാമെന്ന് വിദ്യാര്‍ഥി സംഘടന

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാക്കിസ്ഥാൻ തന്നെ നിഷേധിക്കുകയുണ്ടായി. ബാലാകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ വ്യോമ പാതകൾ അടച്ചിരുന്നു. ജൂലൈ 16നാണ് പിന്നീട് വ്യോമപാതകൾ പാക്കിസ്ഥാൻ തുറന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook