കശ്മീരില്‍ ഭീകരവാദത്തെ മതേതരമാക്കാന്‍ പാക് ശ്രമം; ലഷ്‌കറിന് പുതിയ പേര്‌

ടിആര്‍എഫുമായി ചേര്‍ന്ന് പ്രര്‍ത്തിക്കുന്ന മിക്ക പ്രാദേശിക ഭീകരരും നിയമപരമായ വിസ ഉപയോഗിച്ച് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് പോയി പരിശീലനം ലഭിച്ചവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു

ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശ്രീനഗര്‍ പട്ടണത്തിലെ ഒരു തെരുവ് ചന്തയില്‍ ഗ്രനേഡ് ആക്രമണത്തില്‍ കുറച്ച് കച്ചവടക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന അറിയപ്പെടാത്ത ഭീകരവാദ സംഘടന ഏറ്റെടുത്തു. താഴ്‌വരയില്‍ അടച്ചിടലിന് പ്രേരിപ്പിക്കുന്നതിന്‌ സാമൂഹിക വിരുദ്ധര്‍ നടത്തിയ ആക്രമണമായി സുരക്ഷാ ഏജന്‍സികള്‍ അതിനെ തള്ളിക്കളഞ്ഞു.

ആറുമാസത്തിനുശേഷം, സൈന്യത്തിനും അർധ സൈന്യത്തിനും വലിയ തോതില്‍ നഷ്ടമുണ്ടാക്കിയ ആക്രമണങ്ങള്‍ ഈ സംഘടന നടത്തി. ലക്ഷ്‌കറെ തയിബയുടെ ഒരു ഘടകമാണ് ടിആര്‍എഫ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ലഷ്‌കര്‍ മറ്റു ഭീകര സംഘടനകളുമായി ചേര്‍ന്ന് പുതിയ പേരില്‍ ആരംഭിച്ച സംഘടനയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഇതിനെ വിലയിരുത്തുന്നത്.

“ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം കശ്മീരില്‍ എന്തെങ്കിലും ചെയ്യാനുള്ള സമ്മര്‍ദ്ദം പാക്കിസ്ഥാനുമേല്‍ ഉണ്ടായിരുന്നു. അതിനാല്‍ കശ്മീരില്‍ ഭീകരവാദം വർധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു,” ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ വിദഗ്‌ധനായ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. “എന്നാല്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നാള്‍വഴികള്‍ അവരുടെ മനസ്സിലുണ്ടായിരുന്നു. അതിനാല്‍ പേരില്‍ മതേതരത്വം വരുത്തി ഒരു പുതിയ ഭീകര സംഘടനയെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

Read Also: കോവിഡിനെതിരായ വാക്‌സിൻ കണ്ടെത്തിയെന്ന് ഇസ്രയേൽ

ലഷ്‌കറെ തയിബയ്ക്ക് പാക്കിസ്ഥാന്‍ നല്‍കിയ പുതിയ പേരാണ് ടിആര്‍എഫ് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ലഷ്‌കറിലും ജെയ്ഷെ മുഹമ്മദിലും മതം ധ്വനിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ അത് ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഭീകരവാദത്തെ മതേതരമാക്കാന്‍ അവര്‍ ആഗ്രഹിക്കുകയും അത് തദ്ദേശീയമാകുകയും വേണമായിരുന്നു. അതിനാല്‍ അവര്‍ പേരില്‍ റസിസ്റ്റന്‍സ് (പ്രതിരോധം) എന്നത് തിരഞ്ഞെടുത്തു. ആഗോള രാഷ്ട്രീയത്തില്‍ അതിന് കുറച്ച് പിന്തുണ ലഭിക്കും,” അദ്ദേഹം പറഞ്ഞു.

സോപൂരിലും കുപ്‌വാരയിലും ജമ്മു കശ്മീര്‍ പൊലീസ് പരസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെ പിടികൂടിയപ്പോഴാണ് ടിആര്‍എഫ് ഒരു ശക്തമായ ഭീകര സംഘടനയായി വളരുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചത്. ഹിസ്ബൂളിനും ജെയ്ഷെ മുഹമ്മദിനും സ്വാധീനം ഉറപ്പിക്കുംമുമ്പ് ലഷ്‌കറിന്റെ മേഖലയായിരുന്നു സോപൂര്‍. കെരാനില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ ആയുധങ്ങള്‍ നിക്ഷേപിച്ചിരുന്നത് പൊലീസ് കണ്ടെത്തി. അതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. പുതിയ സംഘടനയിലേക്ക് യുവാക്കളെ ചേര്‍ക്കുന്നവരാണ് തങ്ങളെന്ന് അവര്‍ വെളിപ്പെടുത്തി.

കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കരാനില്‍ വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആദ്യ വെടിവയ്പുണ്ടായി. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നേരിട്ട് നടന്ന വെടിവയ്പില്‍ അഞ്ച് ടിആര്‍എഫ് ഭീകരര്‍ കൊല്ലപ്പെട്ടു. പക്ഷേ, കൊല്ലപ്പെടുംമുമ്പ് അവര്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തിലെ ഒരു സംഘത്തെ മുഴുവന്‍ കൊലപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ അഞ്ച് കമാന്റോകളാണ് അന്ന് കൊല്ലപ്പെട്ടത്.

ഒരാഴ്ചയ്ക്കുശേഷം, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) വാഹനം സോപൂരില്‍ ആക്രമിച്ചു. ഇതില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തങ്ങളുടെ രണ്ട് ഭീകരര്‍ ഹന്ദ്വാരയില്‍ കൊല്ലപ്പെട്ടുവെന്ന് ടിആര്‍എഫ് അവരുടെ ടെലഗ്രാം ചാനലുകളില്‍ അവകാശപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനിടെ സൈന്യത്തിനും അർധ സൈനിക വിഭാഗങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കിയെങ്കിലും അവ ആകസ്മികമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പക്ഷേ, ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ശക്തമായി ആക്രമണം നടത്തുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.

“പരിശീലനം ലഭിക്കാത്ത പ്രാദേശിക ഭീകരരില്‍ നിന്നും വ്യത്യസ്തമായി പുതിയ ഭീകരര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. സംഘടനയില്‍ ഉള്‍പ്പെടുത്തുംമുമ്പ് കുറഞ്ഞത് ആറുമാസത്തെ പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം,” മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ഈ സംഘടനയില്‍ പ്രാദേശിക ഭീകരരും വിദേശികളുമുണ്ട്. അതിനാല്‍ ഇത് തദ്ദേശീയ സംഘടനയെപ്പോലെയുണ്ടാകും. അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം പ്രാദേശിക ഭീകരര്‍ക്കും പാക്കിസ്ഥാനില്‍ നിന്നും മികച്ച പരിശീലനം ലഭിക്കുന്നു,” ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: പ്രവാസികളെ തിരികെയെത്തിക്കാൻ നാവിക സേന കപ്പലുകൾ പുറപ്പെട്ടു

ടിആര്‍എഫുമായി ചേര്‍ന്ന് പ്രര്‍ത്തിക്കുന്ന മിക്ക പ്രാദേശിക ഭീകരരും നിയമപരമായ വിസ ഉപയോഗിച്ച് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് പോയി പരിശീലനം ലഭിച്ചവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള യുവാക്കള്‍ പൊലീസില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ജമ്മു കശ്മീര്‍ പൊലീസ് 2018-ല്‍ ഒരു രഹസ്യ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

“കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രത്യേകിച്ച് 2016 മുതല്‍ ഭീകരരുടെ റിക്രൂട്ട്‌മെന്റില്‍ പുതിയൊരു പ്രവണത കണ്ടുവരുന്നു. നിയമപരമായ രേഖകള്‍ ഉപയോഗിച്ച് പ്രാദേശിക യുവാക്കളെ പാക്കിസ്ഥാനിലേക്ക് അയക്കുന്നു. അവിടത്തെ ഭീകര ക്യാംപുകളില്‍ പരിശീലനം ലഭിച്ചശേഷം പോയ വഴിയിലൂടെയോ നിയന്ത്രണ രേഖയിലൂടെയോ ഒരു കൂട്ടം ഭീകരരുടെ കൂടെയോ തിരിച്ചുവരുന്നു,” 2018-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഷ്‌കറെ തയിബയുടെ ഒരു സംഘടനയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ടിആര്‍എഫ് താഴ്‌വരയിലെ മറ്റു ഭീകര സംഘടനകളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

“താഴേത്തട്ടില്‍ അവരെല്ലാം (എല്ലാ ഭീകര സംഘടനകളും) ഒന്നാണ്. ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നും വേര്‍പിരിഞ്ഞ് പോയി എക്യുഐഎസിനോട് (ഉപഭൂഖണ്ഡത്തിലെ അല്‍ ക്വയ്ദ) ഐക്യം പ്രഖ്യാപിച്ച എജിഎച്ച് (അന്‍സര്‍ ഖാസ്വതുല്‍ ഹിന്ദ്) പോലും തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ടിആര്‍എഫുമായി ചേര്‍ന്നു, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു. എങ്കിലും ഹിസ്ബുളിനെ നിര്‍വീര്യമാക്കിയപ്പോള്‍ ടിആര്‍എഫ് അല്ലെങ്കില്‍ ലഷ്കര്‍ മുന്നോട്ടുവരുന്നു,” മൂന്നാമതൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ യുഎസും താലിബാനും കരാറില്‍ ഏര്‍പ്പെട്ടതിനുശേഷം ഭീകരവാദത്തെ കുറിച്ച് രാജ്യാന്തര തലത്തില്‍ മാറിയ അഭിപ്രായത്തെ പാക്കിസ്ഥാനും ആശ്രയിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Read Also: പ്രവാസികളെ തിരികെയെത്തിക്കാൻ നാവിക സേന കപ്പലുകൾ പുറപ്പെട്ടു

“അഫ്ഗാനിസ്ഥാനില്‍ അവര്‍ (പാക്കിസ്ഥാന്‍) അമേരിക്കയെ രക്ഷപ്പെടുത്തി. ഇവിടെ നടക്കുന്നതിനെ അമേരിക്ക അവഗണിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നു,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“1990-കളുടെ അവസാനം താലിബാന്‍ വന്നപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ വർധനവുണ്ടായി. അപ്പോഴാണ് നമ്മള്‍ കാര്‍ഗിലിനേയും അഭിമുഖീകരിച്ചത്. വീണ്ടും ഭീകരവാദം വർധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആറുവര്‍ഷമായി 200 മുതല്‍ 300 വരെ ഭീകരരെ പാക്കിസ്ഥാന്‍ കൈവശം സൂക്ഷിച്ചിരിക്കുന്നു. ആ അംഗസംഖ്യ 500 മുതല്‍ 700 വരെയായി വർധിപ്പിക്കുമെന്നാണ് നമുക്ക് ലഭിച്ചിട്ടുള്ള ഇന്റലിജന്‍സ് വിവരം,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read in English: ‘Pakistan trying to securalise Kashmir militancy’: Lashkar regroups in Valley as The Resistance Front

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistan trying to securalise kashmir militancy lashkar regroups in valley

Next Story
കോവിഡിനെതിരായ വാക്‌സിൻ കണ്ടെത്തിയെന്ന് ഇസ്രയേൽcorona, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com