ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിയ നടപടി പുനപരിശോധിക്കാമെന്ന് പാക്കിസ്ഥാന്‍. എന്നാല്‍ അതിനായി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ വീണ്ടും ആലോചിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

”അവരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ അവര്‍ തയ്യാറാണോ? അവര്‍ ചെയ്താല്‍, ഞങ്ങളും ആലോചിക്കാം.രണ്ട് ഭാഗത്തും പുനപരിശോധനയുണ്ടാകും. അതാണ് ഷിംല കരാര്‍ പറയുന്നത്” പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍ സൈനിക നീക്കത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: പാക്കിസ്ഥാന്‍ ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ആര്‍ട്ടിക്കിള്‍ 370 ആഭ്യന്തര വിഷയമെന്നും ഇന്ത്യ

ഇതിനിടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കി പാക്കിസ്ഥാന്റെ നീക്കം. ലാഹോറിനേയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന സംജോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ റദ്ദ് ചെയ്തു. ഇസ്ലാമാബാദില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് പാക് റെയില്‍വെ മന്ത്രി ഷെയ്ഹ് റാഷിദ് അഹമ്മദ് പ്രഖ്യാപനം നടത്തിയത്. താന്‍ റെയില്‍വെ മിനിസ്റ്റര്‍ ആയിരിക്കുന്നോളം കാലം സംജോത എക്‌സ്പ്രസ് ഓടില്ലെന്ന് റഷീദ് പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സിനിമകള്‍ക്കും പാക്കിസ്ഥാനില്‍ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംജോത എക്‌സ്പ്രസ് വാഗ അതിര്‍ത്തിയില്‍ നിര്‍ത്തിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ട്രെയിന്‍ നിര്‍ത്തിയത്. ലാഹോറില്‍ നിന്നും 110 പേര്‍ ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്.

Also Read: കശ്‌മീരിലെ സ്ത്രീകളെ കുറിച്ചും കുട്ടികളെ കുറിച്ചും ഭയം തോന്നുന്നു: മലാല

അതേസമയം, ട്രെയിന്‍ വാഗയില്‍ നിന്നും കൊണ്ടു വരാനായി തങ്ങളുടെ എഞ്ചിനേയും ക്രൂവിനേയും അയക്കുന്നതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കയതാണ് ഇന്ത്യ-പാക് ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook