ഇസ്ലാമാബാദ്: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്‍കുമെന്ന് പാക്കിസ്ഥാന്. പ്രദേശത്ത് ‘പ്രകൃതി ഭീകരത’ ആണ് ഇന്ത്യ നടത്തിയതെന്നും പൈന്‍ മരങ്ങള്‍ നശിച്ചെന്നും പറഞ്ഞാണ് പാക്കിസ്ഥാന് പരാതിപ്പെടുന്നത്. പാക്കിസ്ഥാന്റെ കാവാവസ്ഥാ വ്യതിയാന കാര്യ മന്ത്രി മാലിക് അമീന് അസ്ലമാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഇന്ത്യ ബോംബാക്രമണം നടത്തി പ്രകൃതിയെ നശിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു. നിലവധി പൈന്‍ മരങ്ങളാണ് നശിച്ചതെന്നും വളരെ ഗുരുതരമായ പ്രകൃതി ഭീകരാക്രമണമാണ് നടന്നതെന്നും അദ്ദേഹം റോയിറ്റ്ഴ്സിനോട് പറഞ്ഞു.
ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരക്യാംപ് തകര്‍ത്തെന്നും 300ല്‍ അധികം ഭീകരരെ വധിച്ചെന്നും ആയിരുന്നു ഇന്ത്യയുടെ അവകാശവാദം. ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30നാണ് ഇന്ത്യ ആക്രമണം നടത്തിയത്.
എന്നാല്‍ തങ്ങള്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ആള്‍നാശം ഇല്ല എന്നുമാണ് പാകിസ്താന് വാദിക്കുന്നത്. രണ്ടാം മിന്നലാക്രമണത്തിനുളള തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യ ആക്രമണം നടത്തിയ ബാലക്കോട്ടിലെ നാട്ടുകാരുടെ വെളിപ്പെടുത്തലുകള്‍ റോയിട്ടേഴ്സ് പുറത്ത് വിടുകയും ചെയ്തു.
റോയിട്ടേഴ്സ് ബാലക്കോട്ടിലെ താമസക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ്. ബലാക്കോട്ടിലുളള ജബ എന്ന ഗ്രാമത്തിലെ താമസക്കാരനായ നൂറിന് ഷാ അടക്കം 15 പേരോട് സംസാരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇസ്ലാമാബാദില് നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ജബ കുന്നിന്‍പുറം. ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ സ്ഫോടന ശബ്ദം കേട്ടതായി നൂറിന് ഷാ പറയുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയപ്പോള്‍ രണ്ടാമത്തെ സ്ഫോടനം നടന്നു. ബോംബിന്റെ ചീള് തെറിച്ച് ഷായ്ക്ക് നെറ്റിയില്‍ പരിക്കേറ്റു. റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പ്രദേശത്തുളളവര്‍ പറയുന്നത് ഇന്ത്യയുടെ ബോംബ് വീണത് ആളൊഴിഞ്ഞ പ്രദേശത്താണ് എന്നാണ്. ജബയിലെ പൈന്മരങ്ങള് നിറഞ്ഞ പ്രദേശത്താണ് ബോംബ് വീണത്. ഈ സ്ഥലത്ത് പൈന്‍ മരങ്ങള്‍ കത്തിപ്പോയിട്ടുണ്ട്. വലിയ കുഴികളും രൂപം കൊണ്ടിരിക്കുന്നു. പ്രദേശത്തുളളവര്‍ക്ക് ആര്‍ക്കും സ്ഫോടനത്തില്‍ ആരെങ്കിലും മരിച്ചതായി ഒരു വിവരവും ഇല്ല. മാത്രമല്ല ആരും ശവശരീരങ്ങള്‍ കണ്ടിട്ടുമില്ലെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.